ഡല്‍ഹി: തായ്ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ. ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഈ തീരുമാനം. ഒരു മാസത്തിനുള്ളില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. വിദേശ വ്യക്തികളെയും കോര്‍പ്പറേറ്റ് നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനായി സെപ്തംബറില്‍ ഇന്തോനേഷ്യ ഗോള്‍ഡന്‍ വിസയും പ്രഖ്യാപിച്ചിരുന്നു.
യുഎസ്, ചൈന, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനാണ് നീക്കം. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം നല്‍കുന്നത് പരിഗണിക്കാന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രി സാന്‍ഡിയാഗ യുനോ സ്ഥിരീകരിച്ചു.