അഗ്‌നിപര്‍വത ദുരന്ത ഭീതിയില്‍ ഇന്തൊനീഷ്യ ; മടങ്ങാനാവാതെ മലയാളികൾ

ഡെന്‍പസാര്‍: ഇന്തൊനീഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ അഗ്‌നിപര്‍വതം എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്ന് ജാഗ്രതാ നിര്‍ദ്ദേശം.

അതീവ ജാഗ്രത പ്രഖ്യാപിച്ചതിനു പിന്നാലെ ബാലി രാജ്യാന്തര വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചു.

ഇതോടെ നാട്ടിലേക്കു മടങ്ങാനാകാതെ മലയാളികളക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

മൗണ്ട് അഗൂങ് അഗ്‌നിപര്‍വതത്തില്‍നിന്നു ശനിയാഴ്ച മുതല്‍ കനത്ത പുകയും ചാരവും ഉയരുന്നുണ്ട്.

മാത്രമല്ല, വിവിധയിടങ്ങളില്‍ തണുത്ത ലാവ (ലഹാര്‍) പ്രവഹിക്കുകയാണ്. വിനോദസഞ്ചാരികളായും മറ്റും ഇന്തൊനീഷ്യയിലെത്തിയ മലയാളികളും തിരിച്ചു വരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്.

വലിയ പാറക്കഷണങ്ങളും ചെളിയും നിറഞ്ഞ ലഹാര്‍, മൂന്നു കിലോമീറ്റര്‍ ദൂരേയ്ക്കു വരെ എത്തിയെന്നാണു റിപ്പോര്‍ട്ട്.

വീടുകളും പാലങ്ങളും റോഡുകളും തകര്‍ക്കാന്‍ ശേഷിയുള്ള ലഹാര്‍ ഇന്തൊനീഷ്യയിലൊട്ടാകെ നാശം വിതയ്ക്കുമെന്ന ഭീതിയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും.

ഒരു ലക്ഷത്തിലധികം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അഗ്‌നിപര്‍വതത്തിലെ ചാരം വിമാന എന്‍ജിനുകളെ കേടുവരുത്തുകയും, പൊടിപടലങ്ങള്‍ പൈലറ്റിന്റെ കാഴ്ചയെ മറയ്ക്കുകയും ചെയ്യുന്നതിനാലാണു വിമാനങ്ങള്‍ റദ്ദാക്കിയതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതും.

Untitled-1volcano-bali

നാനൂറിലധികം വിമാനങ്ങളാണു റദ്ദാക്കിയത്. ഏകദേശം 60,000 യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നായിരുന്നു ആദ്യപ്രഖ്യാപനം.

എന്നാല്‍, പുതിയ തീരുമാനപ്രകാരം ഇനി ബുധനാഴ്ചയേ വിമാനത്താവളം തുറക്കൂ.

സഞ്ചാരികള്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

സമീപത്തെ ലോംബോക് ദ്വീപിലെ വിമാനത്താവളം താല്‍ക്കാലികമായി തുറന്നിട്ടുണ്ട്. ഇവിടെനിന്നു യാത്ര ക്രമീകരിക്കാനാണ് അധികൃതരുടെ ശ്രമം.

എന്നാല്‍, യാത്രാസൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും പരാതിയുണ്ട്.

അതേസമയം, അപകട മേഖലയില്‍ നാല്‍പതിനായിരത്തോളം പേര്‍ വീടൊഴിഞ്ഞു.

മൗണ്ട് അഗൂങ് പൊട്ടിത്തെറിച്ചുണ്ടായ ലാവാപ്രവാഹത്തില്‍ 1963ല്‍ 1600 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്തൊനീഷ്യയില്‍ 130 പുകയുന്ന അഗ്‌നിപര്‍വതങ്ങളുണ്ട്.

അഗ്നിപര്‍വ്വതം എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന സാഹചര്യം മുന്‍നില്‍ക്കെ കനത്ത ജാഗ്രതയിലാണ് ഇന്തൊനീഷ്യ ഇപ്പോള്‍.

Top