ഇന്തോനീഷ്യ ഓപ്പണ്‍: പ്രണോയിയും സിന്ധുവും പ്രീക്വാര്‍ട്ടറില്‍

ജക്കാര്‍ത്ത: പി.വി. സിന്ധുവിന്റെയും എച്ച്.എസ്. പ്രണോയിയുടെയും തകര്‍പ്പന്‍ വിജയങ്ങളോടെ ഇന്തൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടങ്ങി.
ഇന്തൊനീഷ്യന്‍ താരം ഗ്രിഗോറിയ മാര്‍സിക ടുന്‍ജുങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മുന്‍ ലോകചാംപ്യനും ഒളിംപിക് മെഡല്‍ ജേതാവുമായ പി.വി. സിന്ധു ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. സ്‌കോര്‍: 21-19, 21-15. കഴിഞ്ഞ 2 മത്സരങ്ങളിലും ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായ സിന്ധു ഇത്തവണ 38 മിനിറ്റ് മാത്രം നീണ്ട മത്സരത്തിലാണ് ജയിച്ചത്. ഗ്രിഗോറിയ ടുന്‍ജുങ്ങിനെതിരെ സിന്ധുവിന്റെ ആദ്യ വിജയം കൂടിയാണിത്. നേരത്തേ നടന്ന 3 മത്സരങ്ങളിലും ടുന്‍ജുങ്ങിനോടു സിന്ധു പരാജയപ്പെട്ടിരുന്നു.

ജപ്പാന്‍ സൂപ്പര്‍ താരം കെന്റ നിഷിമോട്ടയെ 21-16, 21-14നു തോല്‍പിച്ചാണ് എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഹോങ്കോങ് താരം ലോങ് ആന്‍ഗസാണ് എതിരാളി. അതേസമയം, വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ഉള്‍പ്പെട്ട സഖ്യം ആദ്യ മത്സരത്തില്‍ത്തന്നെ തോറ്റു പുറത്തായി. ജപ്പാന്റെ റിന്‍ ഇവാനഗ- കെയ് നകാനിഷി സഖ്യത്തോടാണ് ട്രീസ-ഗായത്രി സഖ്യം തോറ്റത്. സ്‌കോര്‍: 22-20,12-21,16-21.

Top