മുങ്ങിക്കപ്പൽ അപകടം: 53 പേരും മരിച്ചെന്ന് ഇന്തൊനേഷ്യ

ഇന്തൊനേഷ്യ: ബാലി തീരത്തിനു സമീപം കടലിനടിയിൽ തകർന്ന ‘കെആർഐ നംഗ്ഗല 402’ മുങ്ങിക്കപ്പലിലെ 53 ജീവനക്കാരും മരിച്ചതായി ഇന്തൊനീഷ്യ സ്ഥിരീകരിച്ചു. 838 മീറ്റർ ആഴത്തിലായി കടൽത്തട്ടിൽ 3 ഭാഗങ്ങളായി പിളർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ റോബട് കണ്ടെത്തിയെന്നും അവയുടെ ചിത്രങ്ങൾ അയച്ചെന്നും നാവികസേനാ മേധാവി അഡ്മിറൽ യൂദോ മർഗാനോ അറിയിച്ചു.

അപകട കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇലക്ട്രിക്കൽ തകരാറാകാമെന്നാണു നിഗമനം. മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രസിഡന്റ്‌ ജോക്കോ വിഡോദൊ അനുശോചനമറിയിച്ചു. ബുധനാഴ്ചയാണു മുങ്ങിക്കപ്പൽ ബാലി തീരത്തുനിന്നു കാണാതായത്. അവിടെ നിന്ന് 1500 മീറ്റർ അകലെയാണു കപ്പലിന്റെ അവശിഷ്ടം കണ്ടത്.

44 വർഷം പഴക്കമുള്ളതാണ് ജർമൻ നിർമിത കപ്പൽ. 200 മീറ്ററിൽ കൂടുതൽ താഴേക്കു പോകാൻ ആവാത്ത മുങ്ങിക്കപ്പലാണിത്.

Top