വാഷിങ്ടൺ: സൈനിക അഭ്യാസത്തിനിടെ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായ സംഭവത്തിൽ യുഎസ് സൈനിക വിമാനങ്ങളും തെരച്ചിലിൽ സഹായിക്കാമെന്ന് യുഎസ്. 53 നാവികരാണ് കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിയിൽ ഉണ്ടായിരുന്നത്. ഇന്തോനേഷ്യൻ സർക്കാരിന്‍റെ അഭ്യർഥന പ്രകാരം അന്തർവാഹിനിയുടെ തെരച്ചിലിനായി വിമാനങ്ങൾ നൽകുകയാണെന്ന് പെന്‍റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബിയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
44 വർഷം പഴക്കമുള്ള കെ.ആർ.ഐ നാൻഗാലാ-402 എന്ന ജര്‍മ്മന്‍ നിര്‍മിത അന്തർവാഹിനിയാണ് ബുധനാഴ്‌ച കാണാതായത്. പരിശീലന വിന്യാസത്തിലായിരുന്ന അന്തര്‍വാഹിനി നാവിക കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച റിപ്പോര്‍ട്ടിങ്ങ് സമയം കഴിഞ്ഞിട്ടും ആശയവിനിമയം സാധ്യമാകാതിരുന്നതോടെയാണ് മുങ്ങിക്കപ്പലിനായി തെരച്ചില്‍ ആരംഭിച്ചത്.