ഇന്തോനേഷ്യയിലെ സുനാമി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 384 കടന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരണസംഖ്യ ഉയരുന്നു. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ സേന നല്‍കുന്ന പുതിയ വിവരമനുസരിച്ച് 384 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

അഞ്ഞൂറിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.രക്ഷാപ്രവര്‍ത്തകര്‍ക്കു ദുരന്തമേഖലയിലേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതു ദുരന്തം ഇരട്ടിയാക്കുന്നുണ്ട്. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് ഇന്തൊനീഷ്യന്‍ ദുരന്തനിവാരണ സേന അറിയിച്ചു.

സുനാമിയുണ്ടായ പാലുവില്‍ മൂന്നരലക്ഷമാണു ജനസംഖ്യ. ബീച്ച് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടവരിലേറെയും. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയില്‍ ഇന്നലെ രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം. വൈകാതെ സമാന തീവ്രതയുള്ള ഭൂചലനം ഡൊങ്കാലയിലും പാലുവിലും അനുഭവപ്പെട്ടു.

2

ഭൂചലനം നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തൊനീഷ്യ. 2004 ഡിസംബര്‍ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സൂനാമിയില്‍ വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2006ല്‍ യോഗ്യാകര്‍ത്തായില്‍ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂചലനത്തില്‍ 6000 പേര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ലോംബോക്കിലുണ്ടായ ഭൂചലനത്തില്‍ 550 പേര്‍ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തെയാണ് സുനാമിത്തിരകള്‍ വിഴുങ്ങിയത്. വെള്ളിയാഴ്ച പാലു നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ അകലെയാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിന്നീട് നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി. ഇതിനു പിന്നാലെയാണ് സുനാമിയുണ്ടായത്.

ആറര അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നതും, ജനങ്ങള്‍ നിലവിളിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.

നേരത്തെ ഭൂകമ്പമുണ്ടായതിന് പിന്നാലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ മേഖലയിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Top