ജക്കാര്‍ത്ത: രാജ്യത്തേക്ക് മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ മൂന്നു വിദേശ പൗരന്മാരുള്‍പ്പെടെ നാലു പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കി. അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം ഉയരുമ്പോഴാണ് ഇന്തോനേഷ്യ വിധി നടപ്പാക്കിയത്.
മൂന്നു നൈജീരിയന്‍ പൗരന്മാരെയും ഒരു ഇന്തോനേഷ്യക്കാരനേയുമാണ് വധിച്ചത്. വ്യാഴാഴ്ച നുസാകംബന്‍ഗാന്‍ ദ്വീപില്‍വച്ച് ഇവരെ വെടിവച്ചുകൊല്ലുകയായിരുന്നു.
കേസില്‍ ഇന്ത്യക്കാരനായ ഗുര്‍ദീപ് സിംഗ് ഉള്‍പ്പെടെ 10 പേര്‍ വധശിക്ഷ കാത്തുകഴിയുകയാണ്. ഇതില്‍ ഭൂരിഭാഗവും വിദേശികളാണ്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുര്‍ദീപ് സിംഗിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരുന്നു.
ലഹരിമരുന്നു കേസില്‍ ശക്തമായ നിയമങ്ങളുള്ള ഇന്തോനേഷ്യയില്‍ മൂന്നു വര്‍ഷം മുമ്പാണ് വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിന്‍വലിച്ചത്.