ഡൽഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ കറൻസി നോട്ടുകളിൽ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രം ആലേഖനം ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭിപ്രായം വലിയ രീതിയിൽ ചർച്ചയായിരുന്നു. മനുഷ്യൻ എത്ര ശ്രമിച്ചിട്ടും ദൈവങ്ങൾ അനുഗ്രഹിച്ചില്ലെങ്കിൽ നമ്മുടെ ശ്രമം വിജയിക്കില്ലെന്നും അതുകൊണ്ട്, ഇന്ത്യൻ കറൻസി നോട്ടുകളിൽ ഐശ്വര്യവുമായി ബന്ധപ്പെട്ട ദേവതകളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്യണമെന്നുമാണ് കെജ്രിവാൾ പറഞ്ഞത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെജ്രിവാളിന്റെ പരാമർശം എന്നതും ശ്രദ്ധേയം. കെജ്രിവാളിന്റെ പരാമർശത്തിന് പിന്നാലെ, ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയുടെ 20,000 രൂപ നോട്ടിൽ ഗണപതിയുടെ ചിത്രമുണ്ടെന്ന് വിവരം ചർച്ച ചെയ്യപ്പെടുകയാണ്. ഇന്തോനേഷ്യൻ ജനസംഖ്യയിൽ 1.6 ശതമാനം മാത്രമാണ് ഹിന്ദുക്കൾ. എന്നാൽ, ഇന്തോനേഷ്യയുടെ 20000 രൂപയുടെ നോട്ടിൽ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.
വിദ്യാഭ്യാസം പ്രമേയമാക്കിയാണ് ഇന്തോനേഷ്യയുടെ 20000 നോട്ട്. ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രവർത്തകനും തദ്ദേശീയജനതയുടെ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരനുമായിരുന്ന കി ഹജർ ദേവന്താരയുടെയും ചിത്രവും നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്നു. നോട്ടിന്റെ പിൻഭാഗത്ത് ക്ലാസ് റൂമിന്റെ ചിത്രവും കാണാം. വിദ്യാഭ്യാസം പ്രമേയമാക്കിയതിനാലാണ് ഗണപതിയുടെ ചിത്രം ഉൾപ്പെട്ടത്.
ഇന്തോനേഷ്യയിൽ ഇന്ത്യൻ സാംസ്കാരിക ചിഹ്നങ്ങൾ അവരുടെ പതാകയിലും ദേശീയഗാനത്തിലും വ്യക്തമാണ്. മജാപഹിത് സാമ്രാജ്യമാണ് ഇന്തോനേഷ്യ ഏറെക്കാലം ഭരിച്ചത്. ഇന്തോനേഷ്യ ഉൾപ്പെടുന്ന 17,000 ദ്വീപുകളിൽ അധികാരവും സ്വാധീനവും ചെലുത്തിയ സാമ്രാജ്യമായിരുന്നു മജാപഹിത്. ഇവർക്ക് ഇന്ത്യൻ സംസ്കാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മധ്യകാല മജാപഹിത് സാമ്രാജ്യത്തിന്റെ കൊടിയിൽ നിന്നാണ് ഇന്തോനേഷ്യയുടെ ചുവപ്പും വെള്ളയും പതാക കടമെടുത്തത്. ചോള സാമ്രാജ്യവും തങ്ങളുടെ സ്വാധീനം ഇന്തോനേഷ്യയിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഗരുഡ പാൻകാസിലയാണ് രാജ്യത്തിന്റെ ദേശീയ ചിഹ്നം. മഹാവിഷ്ണുവിന്റെ പുരാണ പക്ഷി വാഹനമാണ് ഗരുഡൻ. ഇന്തോനേഷ്യൻ ദേശീയ തത്ത്വചിന്തയുടെ അഞ്ച് തത്വങ്ങളാണ് പാൻകാസില. രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഇന്തോനേഷ്യയിൽ പ്രശസ്തമാണ്.