ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ അപകടം; മരണസംഖ്യ 35 ആയി

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുണ്ടായ സംഭവത്തിൽ മരണസംഖ്യ 35 ആയി. 18ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ കിണറിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്. ആർമി, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടർ ടി.ഇളയരാജ അറിയിച്ചു.

സംഭവത്തെ കുറിച്ച് പ്രാഥമിക റിപ്പോർട്ട് ജില്ല ഭരണകൂടം കൈമാറി. കാലപ്പഴക്കമുള്ള സ്ലാബിന് മുകളിൽ കൂടുതൽ ആളുകൾ കയറി നിന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്. രാമ നവമി ആഘോഷത്തെ തുടർന്ന് ക്ഷേത്രത്തിൽ വൻ ജനത്തിരക്ക് ഉണ്ടായിരുന്നു.

ഇൻഡോറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Top