മുംബൈ: നെഞ്ച് വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ.എന്‍.എക്‌സ് മീഡിയ മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയെ അസുഖം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി 2015 ഓഗസ്റ്റ് മുതല്‍ ജുഡിഷല്‍ കസ്റ്റഡിയിലാണ്. ബൈക്കുള ജയിലില്‍ കഴിയുന്ന ഇന്ദ്രാണിയെ വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത അളവില്‍ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഇവരെ ഏപ്രിലില്‍ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
2012 ഏപ്രില്‍ കാണാതായ ഷീന ബോറ കൊല്ലപ്പെട്ടതായി 2015ലാണ് വെളിപ്പെടുന്നത്. തുടര്‍ന്ന് ഇന്ദ്രാണി അറസ്റ്റിലാവുകയായിരുന്നു. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന എന്ന വിവരവും അവര്‍ കൊല ചെയ്യപ്പെട്ട ശേഷമാണ് പുറത്തുവരുന്നത്. അതുവരെ ഷീനയെ തന്റെ സഹോദരി എന്ന നിലയിലാണ് ഇന്ദ്രാണി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ആദ്യം മുംബൈ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി ഐ ഏറ്റെടുത്തതോടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായി.