ന്യൂ ഡല്‍ഹി: സുപ്രീം കോടതി ജഡ്ജിയായുള്ള ഇന്ദു മല്‍ഹോത്രയുടെ നിയമനത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് അതൃപ്തി. കൊളീജിയത്തിലെ ജഡ്ജിമാര്‍ അതൃപ്തി അറിയിച്ചു. ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. അതേസമയം ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം തള്ളിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ദിവസമാണ് ഇന്ദു മല്‍ഹോത്രയെ ജഡ്ജിയാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. കൊളീജിയം ശുപാര്‍ശ മൂന്നുമാസത്തോളം തടഞ്ഞുവെച്ചശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി പത്തിനാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയും, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. മൂന്നു മാസം കഴിഞ്ഞിട്ടും നിയമനം അംഗീകരിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. വിശാലബെഞ്ച് രൂപികരിച്ചു ഈ വിഷയം പരിഗണിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപെട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രം അംഗീകരിച്ചത്. ഇതിലാണ് ഇപ്പോള്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.