വിവാദങ്ങള്‍ക്കിടെ ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 10.30നാണു സത്യപ്രതിജ്ഞ. അതിനിടെ, ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം എന്നു ചേരണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനത്തില്‍ തീരുമാനമാകുന്നതുവരെ ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേ ചെയ്യണമെന്ന സുപ്രീംകോടതി അഭിഭാഷകരുടെ ആവശ്യം ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തളളിയിരുന്നു. ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചുകൊണ്ടുളള ഉത്തരവു കേന്ദ്രസര്‍ക്കാര്‍ ഇന്നലെത്തന്നെ കൈമാറി. ഇതോടെ സത്യപ്രതിജ്ഞ ഇന്നുതന്നെ നടക്കുമെന്ന് വ്യക്തമായിരുന്നു. രാവിലെ ചീഫ് ജസ്റ്റിസ് കോടതിയിലാണു സത്യപ്രതിജ്ഞാചടങ്ങുകള്‍.

മൂന്നു മാസത്തിലധികം തടഞ്ഞുവച്ചശേഷമാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം കേന്ദ്രം അംഗീകരിച്ചത്. എന്നാല്‍, കെ.എം. ജോസഫിന്റെ നിയമനം അംഗീകരിക്കാന്‍ കഴിയില്ലെന്നു കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെ എം ജോസഫിന്റെ ഫയല്‍ കേന്ദ്രം മടക്കി അയക്കുകയും ചെയ്തു. നിയമന ശുപാര്‍ശ കൊളീജിയം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അനുകൂലമായാണു പ്രതികരിച്ചത്. മടക്കിയയച്ച ഫയല്‍ ലഭിച്ചാല്‍ കൊളീജിയം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

Top