ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മൂലം അനിശ്ചിതത്തിലായ വ്യാവസായിക മേഖലയിൽ വളർച്ച രേഖപ്പെടുത്തി. ഈ ഒക്ടോബറിൽ മുൻ വർഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വളർച്ചയാണ് വ്യാവസായികോത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്. സെപ്‌റ്റംബറിൽ 0.5 ശതമാനമായിരുന്നു വളർച്ച.
കോവിഡ് അടച്ചിടൽ മൂലം ഏപ്രിലിൽ വ്യാവസായിക മേഖല ക്ഷീണിച്ചിരുന്നു. ഓട്ടോമൊബൈൽ, വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക് സാമഗ്രികൾ തുടങ്ങിയ ഉപഭോക്തൃ സാമഗ്രികളുടെ ഉത്പാദനം 17.6 ശതമാനവും ഭക്ഷ്യവസ്തുക്കൾ പോലെ പെട്ടെന്ന് ഉപയോഗിച്ചു തീരുന്ന ഉപഭോക്തൃ സാമഗ്രികളുടേത് 7.5 ശതമാനവുമാണ് കൂടിയത്.
ഒക്ടോബറിൽ ഇവയുടെ വളർച്ച യഥാക്രമം 3.4 ശതമാനവും 2.4 ശതമാനവും ആയിരുന്നു. വൈദ്യുതി ഉത്പാദനം സെപ്‌റ്റംബറിൽ 4.8 ശതമാനമായിരുന്നത് ഒക്ടോബറിൽ 11.2 ആയി. മൂലധനസാമഗ്രികളുടെ ഉത്പാദനവും ഒക്ടോബറിൽ 3.3 ശതമാനം കൂടി.