ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം. രണ്ട് നവജാതശിശുക്കള്‍ കൂടി ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇവിടെ മരിച്ചത് 9 കുട്ടികളാണ്.
ബുധനാഴ്ച രാത്രിയോടെ അഞ്ച് കുട്ടികളും, വ്യാഴാഴ്ച രാത്രിയോടെ നാല് കുട്ടികള്‍ കൂടിയും മരിച്ചതോടെയാണ് വീണ്ടും ജെകെ ലോണ്‍ ആശുപത്രി ദേശീയ ശ്രദ്ധയിലെത്തിയത്. മരിച്ച എല്ലാ കുട്ടികളും ഒന്ന് മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ളവരായിരുന്നു. ഇതിന് പിന്നാലെ, വെള്ളിയാഴ്ച രാത്രിയോടെ രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ, രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍ എല്ലാ ശിശുമരണങ്ങളും സ്വാഭാവികമരണങ്ങള്‍ മാത്രമായിരുന്നെന്നും അണുബാധയടക്കം യാതൊരു തരത്തിലുള്ള അസ്വാഭാവികതയും സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അവകാശപ്പെടുന്നത്. ജെ കെ ലോണ്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ത്തന്നെ മൂന്ന് കുട്ടികള്‍ മരിച്ചിരുന്നുവെന്നാണ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട്. മിക്ക കുട്ടികളും മരിച്ചത് ജന്മനാ ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് (congenital malformations). മറ്റുള്ളവയെല്ലാം പൊടുന്നനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളാണ്. എന്നാല്‍ അസ്വാഭാവികതയില്ല എന്നും ആശുപത്രി അവകാശപ്പെടുന്നു,