കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വഴിമുട്ടി. കുഞ്ഞ് മരിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ഉപേക്ഷിച്ചവരെ കുറിച്ച് സൂചനയില്ല. ശാസ്ത്രീയ അന്വേഷണത്തിന്റെ സാധ്യതകള്‍ പലത് പരീക്ഷിച്ചിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പിഞ്ചു മൃതശരീരം കഴിഞ്ഞ പത്ത് ദിവസമായി പൊലീസ് സൂക്ഷിച്ചിരിക്കുകയാണ്.
ഊഴായിക്കോട്ടെ സുദര്‍ശനന്‍പിളളയുടെ വീടിനോട് ചേര്‍ന്ന പുരയിടത്തിലായിരുന്നു പത്തു ദിവസം മുമ്പ് കേരളം നടുക്കത്തോടെ കേട്ട ദാരുണ സംഭവം അരങ്ങേറിയത്. ദേശീയപാതയില്‍ ചാത്തന്നൂരില്‍ നിന്ന് ഉളളിലേക്ക് കയറി ദുര്‍ഘടമായ നാട്ടുവഴികള്‍ കടന്നാലാണ് സുദര്‍ശനന്‍പിളളയുടെ വീട്ടിലെത്തുകയുള്ളൂ. ഒരു തോര്‍ത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമായിരുന്നുവെന്ന് വ്യക്തം.
മേഖലയിലെ ആശുപത്രികളിലെല്ലാം പൊലീസ് പരിശോധന നടത്തി. സംശയമുളള മുന്നൂറിലേറെ പേരില്‍ നിന്ന് മൊഴിയെടുത്തു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട രാത്രി ആ മേഖലയില്‍ ഉണ്ടായ ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ സംഭാഷണ രേഖകളും പരിശോധിച്ചു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക ടീം എട്ട് ചെറുസംഘങ്ങളായി തിരിഞ്ഞ് നടത്തുന്ന അന്വേഷണം ഇപ്പോള്‍ ഏതാണ് വഴിമുട്ടിയ സ്ഥിതിയിലാണിന്ന്.