കോട്ട ശിശുമരണം: ആശുപത്രിയില്‍ പ്രാഥമിക സജ്ജീകരണങ്ങള്‍ പോലും ഇല്ലെന്ന്…

child-death

ജയ്പുര്‍: ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്. ശിശുമരണങ്ങളെ കുറിച്ച് പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട്തയ്യാറാക്കിയിരിക്കുന്നത്.

ഒരു സാധാരണ ആശുപത്രിയിലുണ്ടായിരിക്കേണ്ട പ്രാഥമിക സജ്ജീകരണങ്ങള്‍ പോലും കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈപ്പോതെര്‍മിയ(ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ)യാണ് കോട്ടയിലെ ശിശുമരണത്തിന് കാരണം. രാജസ്ഥാനിലെ അതിശൈത്യം മൂലം കുട്ടികളുടെ ശരീരത്തിലെ താപനില അപകടകരമാം വിധത്തില്‍ കുറയുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു. അത്യാവശ്യം ഉണ്ടായിരിക്കേണ്ട ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു നവജാതശിശുവിന് വേണ്ട ശരീര ഊഷ്മാവ് 36.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ അളവിലുള്ള ഊഷ്മാവ് കുട്ടിയുടെ ശരീരത്തിലില്ലെങ്കില്‍ ശരീര ഊഷ്മാവ് സാധാരണ നിലയിലെത്തും വരെ ഹീറ്ററുകള്‍ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിന് ചൂട് നല്‍കണം. എന്നാല്‍ ഇത്തരം ഒരു ഉപകരണവും ആശുപത്രയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.

ആശുപത്രിയിലുള്ള 28 നെബുലൈസറുകളില്‍ 22 എണ്ണവും 111 ഇന്‍ഫ്യൂഷന്‍ പമ്പുകളില്‍ 81 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. ആശുപത്രിയിലെ പാരാ മോണിറ്ററുകളുടെയും പള്‍സ് ഓക്‌സിമെറ്റേഴ്‌സിന്റെയും അവസ്ഥയും വിഭിന്നമല്ല. ആശുപത്രിയിലെ ഐസിയു അണുവിമുക്തമാക്കിട്ട് മാസങ്ങളായെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top