ന്യൂഡല്‍ഹി: രാജ്യത്ത് ശിശുമരണനിരക്കില്‍ ഏറ്റവും മുമ്പിലുള്ള സംസ്ഥാനം മധ്യപ്രദേശെന്ന് കണക്കുകള്‍. രജിസ്ട്രാര്‍ ജനറല്‍ സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
2013-ല്‍ ശിശുമരണ നിരക്ക് രാജ്യത്ത് 40 ആയിരുന്നെങ്കില്‍ 2018 ആയപ്പോള്‍ അത് 32 ആയി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ എട്ട് പോയിന്റുകളുടെ ഇടിവും വാര്‍ഷിക ശരാശരി 1.6 പോയിന്റിന്റെ കുറവുമാണുള്ളത്.
ശിശുമരണ നിരക്കില്‍ ഏറ്റവും മുന്നില്‍ മധ്യപ്രദേശാണ്. 2018-ലെ ആയിരം ജനനങ്ങളില്‍ മധ്യപ്രദേശില്‍ ശരാശരി 48 കുട്ടികളാണ് മരിച്ചത്. അതേസമയം, ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. കേരളത്തില്‍ ആയിരം ജനനത്തിന് ഏഴ് ശിശുമരണങ്ങള്‍ മാത്രമാണ് ഉണ്ടായത്.
2016-18-ല്‍ രാജ്യത്തെ ലിംഗാനുപാതം ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 899 പെണ്‍കുട്ടികളാണ് ജനിക്കുന്നത്. 2015-17-ല്‍ ഇത് 896 ആയിരുന്നു. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കുള്ളതെന്ന് രജിസ്ട്രാര്‍ ജനറല്‍ സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. 26.2 ആണ് ബിഹാറിലെ ജനനിരക്ക്. ഏറ്റവും കുറവ് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപിലാണ് 11.2. മരണ നിരക്കില്‍ മുന്നില്‍ ഛത്തീസ്ഗഢാണ് എട്ടാണ് ഛത്തീസ്ഗഢിലെ മരണനിരക്ക്. ഡല്‍ഹിയിലാണ് കുറവ് (3.3).
ഇന്ത്യയിലെ മരണനിരക്കില്‍ കഴിഞ്ഞ നാല് ദശകങ്ങളിലായി ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 1971-ല്‍ 14.9 ആയിരുന്നു രാജ്യത്തെ മരണനിരക്ക്. 2018-ല്‍ ഇത് 6.2 ആയി കുറഞ്ഞു.