പിതാവിന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: അങ്കമാലിയില്‍ പിതാവിന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. തലയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം നല്‍കിയിരുന്ന ഡ്രെയിനേജ് എടുത്തു മാറ്റിയിട്ടുണ്ട്. ഓക്‌സിജന്‍ ഇപ്പോഴും നല്‍കുന്നുണ്ടെങ്കിലും അളവ് കുറച്ചു.

എന്നിരുന്നാലും വരുന്ന 12 മണിക്കൂര്‍ കൂടി കുട്ടി നിരീക്ഷണത്തിലായിരിക്കുമെന്നും കുഞ്ഞിനെ ചികിത്സിക്കുന്ന കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.

കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചു വരുന്നതിന്റെ സൂചനകള്‍ ഇന്നലെത്തന്നെ കാണിച്ചു തുടങ്ങിയിരുന്നു. തനിയെ മുലപ്പാല്‍ വലിച്ചു കുടിച്ചതും കണ്‍പോളകള്‍ ചലിപ്പിച്ചതും മികച്ച പ്രതികരണമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു.

ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യത്തില്‍ പിതാവ് കട്ടിലിലേക്കു വലിച്ചെറിഞ്ഞതാണ് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കിയത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാനായിരുന്നു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയത്. മൂന്നു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ഡോക്ടര്‍മാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

അങ്കമാലി പാലിയേക്കര ജോസ്പുരത്ത് വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസാണ് രണ്ടു മാസം മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുഞ്ഞിന്റെ പിതൃത്വം സംശയിച്ചും പെണ്‍കുട്ടി ആയതിനാലും ഇയാള്‍ സ്ഥിരമായി കുട്ടിയെ മര്‍ദിക്കുമായിരുന്നെന്നാണ് കുട്ടിയുടെ മാതാവ് പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത ഷൈജു ഇപ്പോള്‍ റിമാന്‍ഡിലാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇയാള്‍ വിവാഹം കഴിച്ച നേപ്പാള്‍ സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മ.

Top