ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിക്കും. സൈനികരുടെ സുരക്ഷ ഉറപ്പുവരുത്താനായി 50,000ത്തോളം ജാക്കറ്റുകള്‍ ഉടന്‍ വാങ്ങാനുള്ള കരാറില്‍ പ്രതിരോധവകുപ്പ് ഒപ്പുവച്ചു. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ‘ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയില്‍സു’മായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
വരുന്ന ആഗസ്ത് മുതല്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ വിതരണം ആരംഭിക്കും. 2017 ജനവരിയോടെ മുഴുവന്‍ ജാക്കറ്റുകളും സൈന്യത്തിന് നല്‍കണമെന്നാണ് കരാര്‍. 140 കോടിയോളം രൂപയാണ് ചിലവ്.
18 ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭ്യമാക്കാന്‍ പത്ത് വര്‍ഷം മുന്‍പുതന്നെ ശ്രമങ്ങളാരംഭിച്ചിരുന്നു. എന്നാല്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ കാരണം ശ്രമങ്ങള്‍ നീണ്ടു. എന്നാല്‍, പ്രതിരോധ മന്ത്രിയായി മനോഹര്‍ പരീക്കര്‍ സ്ഥാനമേറ്റശേഷം നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി.
കഴിഞ്ഞ ഒക്ടോബറില്‍ 1.86 ലക്ഷം മോഡുലാര്‍ ജാക്കറ്റുകള്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയെങ്കിലും പിന്നീട് തടസപ്പെട്ടു. കരാറില്‍ താല്‍പര്യം പ്രകടിപ്പിച്ച ആറ് കമ്പനികളുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും സൈന്യത്തിന്റെ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടതോടെയായിരുന്നു ഇത്