അറബികടലില്‍ ന്യൂനമര്‍ദം; നിസര്‍ഗ ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച കരതൊടും

അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നിസര്‍ഗ’ എന്ന് പേരിട്ട ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ വടക്ക് ദിശയില്‍ നീങ്ങി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരതൊടുമെന്നാണ് മുന്നറിയിപ്പ്.

അറബിക്കടലിന്റെ താപനില 31 ഡിഗ്രി ആയതിനാല്‍ ചുഴലിക്കാറ്റിന് തീവ്രത കൂടാനും സാധ്യതയുണ്ട്. കേരളത്തിനൊപ്പം ലക്ഷദ്വീപ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും. 45 മുതല്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ച കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Top