ദുബായ്: വന്ധ്യതാ ചികില്‍സയില്‍ ഭര്‍ത്താവ് താല്‍പര്യം കാണിക്കുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് വിവാഹമോചനം വേണമെന്നും ചൂണ്ടിക്കാട്ടി അറബ് വംശജയായ യുവതി കോടതിയില്‍. ഫുജൈറ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയിലാണ് ജിസിസി സ്വദേശിയായ യുവതി ഭര്‍ത്താവിനെതിരേ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന്റെ ഭാഗം കേള്‍ക്കുന്നതിനായി കേസ് മാറ്റിവച്ചിരിക്കുകയാണ് കോടതി.
ഒന്‍പത് വര്‍ഷമായി തങ്ങള്‍ വിവാഹിതരായിട്ട്. എന്നാല്‍ ഇതുവരെ കുട്ടികളുണ്ടായില്ല. ഒരുകുഞ്ഞ് വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും ഭര്‍ത്താവിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ല. കൃത്യമായ രീതിയില്‍ ചികില്‍സ തുടര്‍ന്നാല്‍ കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും തുടങ്ങിയ ചികില്‍സ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ ഭര്‍ത്താവ് താല്‍പര്യം കാണിക്കാത്തതാണ് ഇക്കാര്യത്തില്‍ തടസ്സമെന്നും യുവതി ഫുജൈറ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയെ അറിയിച്ചു.
താന്‍ കൃത്യമായി ചികില്‍സ തുടരുന്നുണ്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ചികില്‍സയില്‍ നിന്ന് പിന്‍മാറുകയാണ് ഭര്‍ത്താവ്. ഇത് തങ്ങളുടെ വിവാഹ ബന്ധത്തെ തന്നെ ദോഷകരമായി ബാധിക്കുകയാണെന്നും ഈ രീതിയില്‍ വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും യുവതി വ്യക്തമാക്കി.