ബൗൺസിന്റെ ആദ്യ വൈദ്യുത സ്കൂട്ടർ വിപണിയിലെത്തി, വില 68,999 രൂപ

ക്സെലിന്റെയും സീക്വോയയുടെയും ക്വാൾകോമിന്റെയുമൊക്കെ പിന്തുണയുള്ള, ബെംഗളൂരു ആസ്ഥാനമായ സ്മാർട് മൊബിലിറ്റി സൊല്യൂഷൻ സ്റ്റാർട് അപ്പായ ബൗൺസിന്റെ ആദ്യ വൈദ്യുത സ്കൂട്ടർ വിപണിയിലെത്തി; ബാറ്ററിയും ചാർജറും സഹിതം ഇൻഫിനിറ്റി ഇ വണ്ണിന് 68,999 രൂപയാണു ഡൽഹി ഷോറൂമിൽ വില. ഇതിനു പുറമെ ബാറ്ററി പായ്ക്ക് വാടകയ്ക്കു നൽകുന്ന രീതിയിലും ഇൻഫിനിറ്റി ഇ വൺ ലഭ്യമാണ്. ബാറ്ററി ആസ് എ സർവീസ് എന്ന ഈ പുതുവ്യവസ്ഥയിൽ 45,099 രൂപയാണ് ഇ സ്കൂട്ടറിന്റെ ഡൽഹി ഷോറൂമിലെ വില. ഇതു കൂടാതെ ബാറ്ററിയുടെ വാടക മാസം തോറും അടയ്ക്കേണ്ടി വരും.

ഇൻഫിനിറ്റി ഇ വണ്ണിനുള്ള ബുക്കിങ്ങും ബൗൺസ് സ്വീകരിച്ചു തുടങ്ങി; 499 രൂപയാണ് അഡ്വാൻസായി ഈടാക്കുന്നത്. ‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് ‘ഇൻഫിനിറ്റി’ക്ക് അർഹതയുണ്ടെന്നും ബൗൺസ് വ്യക്തമാക്കി.  അര ലക്ഷം കിലോമീറ്റർ അഥവാ മൂന്നു വർഷത്തെ വാറന്റിയും ‘ഇൻഫിനിറ്റി ഇ വണ്ണി’ന് ബൗൺസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ചു നിറങ്ങളിലാണ് ‘ഇൻഫിനിറ്റി ഇ വൺ’ വിൽപ്പനയ്ക്കെത്തുക: സ്പോർട്ടി റെഡ്, സ്പാർക്ക്ൾ ബ്ലാക്ക്, പേൾ വൈറ്റ്, ഡിസാറ്റ് സിൽവർ, കോമെഡ് ഗ്രേ. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് വരുന്ന മാർച്ചിനകം പുത്തൻ ‘ഇൻഫിനിറ്റി ഇ വൺ’ കൈമാറാനാണു ബൗൺസിന്റെ പദ്ധതി.

ഡിജിറ്റൽ സ്പീഡോമീറ്റർ, 12 ലീറ്റർ സംഭരണ സ്ഥലം, ജിയോഫെൻസിങ്, ക്രൂസ് കൺട്രോൾ, ടോ അലെർട്ട്, ഇരട്ട ഡിസ്ക് ബ്രോക്ക് എന്നിവയെല്ലാമായാണ് ‘ഇൻഫിനിറ്റി ഇ വണ്ണി’ന്റെ വരവ്. സ്കൂട്ടറിലെ മോട്ടോറിന് 83 എൻ എം ടോർക്കുണ്ട്; 65 കിലോമീറ്ററാണ് ‘ഇൻഫിനിറ്റി ഇ വണ്ണി’ന് ബൗൺസ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. എട്ടു സെക്കൻഡിൽ സ്കൂട്ടർ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും ബൗൺസ് അവകാശപ്പെടുന്നു.

വെള്ളം കയറില്ലെന്ന് ബൗൺസ് ഉറപ്പു നൽകുന്ന 48 വോൾട്ട് ബാറ്ററി പായ്ക്കിന്റെ ശേഷി 39 ആംപിയർ അവർ ആണ്; ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്യാൻ നാലു മുതൽ അഞ്ചു മണിക്കൂർ വരെ സമയമെടുക്കും. ഒറ്റ ചാർജിൽ ‘ഇൻഫിനിറ്റി ഇ വൺ’ 85 കിലോമീറ്റർ ഓടുമെന്നാണു കണക്കാക്കുന്നത്.

സമീപഭാവിയിൽ വൈദ്യുത വാഹന വിഭാഗത്തിൽ 10 കോടി ഡോളർ(ഏകദേശം 753 കോടി രൂപ) നിക്ഷേപത്തിനാണു ബൗൺസ് പദ്ധതിയിടുന്നത്.  70 ലക്ഷം ഡോളർ( 52.69 കോടി രൂപ) മുടക്കി  22 മോട്ടോഴ്സിനെ ഏറ്റെടുത്താണു ബൗൺസ് വൈദ്യുത ഇരുചക്രവാഹന നിർമാണ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത ്.  ഈ ഇടപാടിലൂടെ 22 മോട്ടോഴ്സിന്റെ ബൗദ്ധിക സ്വത്തവകാശത്തിനൊപ്പം രാജസ്ഥാനിലെ ഭിവഡിയിലുള്ള നിർമാണശാലയും ബൗൺസിനു സ്വന്തമായി. പ്രതിവർഷം 1.80 ലക്ഷം യൂണിറ്റാണ് ഈ അത്യാധുനിക ശാലയുടെ ഉൽപ്പാദനശേഷി.

Top