പണപ്പെരുപ്പ നിരക്ക്; 17 മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

ഡൽഹി: രാജ്യത്തെ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർന്നു. കഴിഞ്ഞ മാസം 6.07 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്ക് ഈ മാസം 6.95 ശതമാനമായി ഉയരുകയായിരുന്നു. ഇതോടെ നിരക്കുകൾ 17 മാസത്തെ ഏറ്റവും കൂടിയ നിലയിലേക്കെത്തി. 2020 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്കുകൾ ഈ രീതിയിൽ ഉയരുന്നത്.

അവശ്യ വസ്തുക്കളുടേയും ഭക്ഷണ സാധനങ്ങളുടേയും വില ഉയർന്നതാണ് പണപ്പെരുപ്പം വർധിക്കാനിടയാക്കിയതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ തുടർച്ചയായി മൂന്നാം മാസവും പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ടോളറൻസ് പരിധി മറികടക്കുകയായിരുന്നു.

ഭക്ഷ്യ എണ്ണകൾ (18.79 ശതമാനം), പച്ചക്കറികൾ (11.64 ശതമാനം), മാംസം, മത്സ്യം (9.63 ശതമാനം), പാദരക്ഷകൾ, വസ്ത്രങ്ങൾ (9.4 ശതമാനം) എന്ന നിലയിലുള്ള വിലക്കയറ്റമാണ് ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരാൻ കാരണമായതെന്നാണ് പൊതുവായ വിലയിരുത്തൽ. പണനയ പ്രഖ്യാപന വേളയിൽ ആർബിഐ ഗവർണർ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിപ്പോ നിരക്കുകൾ ഇത്തവണയും മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ഗവർണറുടെ പ്രഖ്യാപനം.

Top