ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് ഘടനയ്ക്ക് ഇരട്ട പ്രഹരം നല്‍കിക്കൊണ്ട് റീട്ടെയില്‍ പണപ്പെരുപ്പം കൂടുകയും വ്യാവസായിക ഉത്പാദന വളര്‍ച്ച കുറയുകയും ചെയ്തു.
ചില്ലറ വില്പ്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 5.39 ശതമാനമായാണ് ഉയര്‍ന്നത്. മാര്‍ച്ച് മാസത്തില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദന വളര്‍ച്ചാ നിരക്ക് 0.1 ശതമാനത്തില്‍ ഒതുങ്ങി. തിരിച്ചുവരവിനുള്ള പ്രതീക്ഷകള്‍ക്ക് ഇതോടെ തിരിച്ചടിയായി.
ഉത്പാദന മേഖലയില്‍ 1.2 ശതമാനം ഇടിവുണ്ടായപ്പോള്‍ ഖനന മേഖല 0.1 ശതമാനം ചുരുങ്ങി. മൂലധന സാമഗ്രി മേഖലയിലെ ഉത്പാദനം 15.4 ശതമാനം ഇടിഞ്ഞു. വൈദ്യുതി ഉത്പാദനത്തില്‍ 11.3 ശതമാനം വളര്‍ച്ചയുണ്ടായി.
ഭക്ഷ്യവില ഉയര്‍ന്നതാണ് റീട്ടെയില്‍ പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കിയത്. വിലക്കയറ്റത്തിന്റെ തോത് 5.39 ശതമാനമായി ഉയര്‍ന്നതോടെ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.
വ്യാവസായിക രംഗത്ത് മുന്നേറ്റമുണ്ടാകാന്‍ പലിശ നിരക്കുകള്‍ ഇനിയും കുറയേണ്ടതുണ്ട്. എന്നാല്‍, പണപ്പെരുപ്പം കൂടിനില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകില്ലെന്നാണ് സൂചന.