infocus to launch aadhaar enabled smartphone

ണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് സ്‌കാന്‍ സാധ്യമാക്കുന്ന സ്മാര്‍ട്ട് ഫോണുമായി യുഎസ് ഹാന്‍ഡ്‌സെറ്റ് കമ്പനി ഇന്‍ഫോക്കസ് എത്തിക്കഴിഞ്ഞു.

പന്ത്രണ്ടായിരം രൂപയില്‍ താഴെയിരിക്കും ഇതിന്റെ വില. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ ഈ ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ STQC (Standardization Testing and Qualtiy Certification) അവാര്‍ഡ് നേടിയ കമ്പനിയാണ് ഇന്‍ഫോക്കസ്. ആധാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍ അടങ്ങിയ ഡിവൈസുകള്‍ ഭാവിയില്‍ വിപണിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്.

ബയോമെട്രിക് ആവശ്യങ്ങള്‍ക്കായി ഐറിസ് സ്‌കാനര്‍ ഉപയോഗിക്കുന്ന ഡിവൈസുകള്‍ക്ക് കൊടുക്കുന്ന സര്‍ട്ടിഫിക്കേഷനാണ് STQC.

ഇന്‍ഫോക്കസ് സ്മാര്‍ട്ട്‌ഫോണില്‍ ഐറിടെക്കിന്റെ മികച്ച ഇമേജ് ക്വാളിറ്റി നിര്‍ണ്ണയ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഏറ്റവും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്ന് ഇന്‍ഫോക്കസ് ഇന്ത്യ മേധാവി സച്ചിന്‍ താപ്പര്‍ പറഞ്ഞു.

ഇന്ത്യയിലെ UIDAI യെ കൂടാതെ യുഎസ്, കെനിയ, കൊളംബിയ തുടങ്ങി രാജ്യങ്ങളിലെ സര്‍ക്കാര്‍ എജന്‍സികളുമായും IriTech ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എംബഡഡ് അല്‍ഗരിതമുള്ള സ്മാര്‍ട്ട്‌ഫോണിന് ഫോട്ടോ എടുക്കാനും K7 ഇമേജാക്കി മാറ്റാനും കേവലം രണ്ടു സെക്കന്റുകള്‍ മാത്രം മതി.

ഏതുതരം കാലാവസ്ഥയിലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്നതാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. നേരിട്ടുള്ള സൂര്യവെളിച്ചമേല്‍ക്കുമ്പോള്‍ പോലും ഇതു സാധ്യമാണ്.

ഇന്‍ഫോക്കസ് ഡിവൈസില്‍ നിന്നുള്ള ബയോമെട്രിക് ഡാറ്റ UIDAI കീ വഴി ചിപ്പ് ലെവലില്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെടുകയും ആധാര്‍ സെര്‍വര്‍ ഒഴികെയുള്ള മറ്റൊരു തേര്‍ഡ് പാര്‍ട്ടിക്കും കാണാനാകാത്ത വിധം ശേഖരിക്കപ്പെടുകയും ചെയ്യും.

ഒരു രീതിയിലുമുള്ള ചോര്‍ച്ച ഇവിടെ സാധ്യമല്ലെന്നും താപ്പര്‍ പറയുന്നു.

വരുന്ന രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുന്ന M425 ഫോണിനു പുറമേ ഇനിയും ധാരാളം ഡിവൈസുകള്‍ ഇതേ രീതിയില്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സാംസങ്ങിനു മാത്രമാണ് ഡെല്‍റ്റ ഐഡിയുടെ ആക്ടീവ് IRIS ടെക്‌നോളജിയുള്ളത്. ഗ്യാലക്‌സി ടാബ് ഐറിസിലാണുള്ളത്.

ഇതേ സാങ്കേതിക വിദ്യ കൂടുതല്‍ മൊബൈലുകളില്‍ കൊണ്ടുവരാനായി ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായി UIDAI ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ സ്‌കീമുകള്‍, സബ്‌സിഡികള്‍, സര്‍വീസുകള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ആധാര്‍ വഴി മൊബൈല്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണു പറയുന്നത്.

എളുപ്പത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും പേമെന്റുകള്‍ക്കായി മൈക്രോ എടിഎം സൗകര്യം ഉപയോഗപ്പെടുത്താനും ഈ ഫോണ്‍ ഉപയോഗിക്കാം. JAM (Jan DhanAadhaarMobile) കൂടുതല്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ ഇതുമൂലം സാധിക്കുമെന്ന് UIDAI മുന്‍ ചെയര്‍മാന്‍ നന്ദന്‍ നീലേക്കനി പറഞ്ഞു.

4GVoLTE ടെക്‌നോളജിയുള്ള M425 സ്മാര്‍ട്ട് ഫോണില്‍ 1.5 GHz ക്വാഡ് കോര്‍ പ്രോസസര്‍ ആണുള്ളത്. 4.5 ഇഞ്ച് ഡിസ്‌പ്ലെ, 1 ജിബി റാം, 8 ജിബി സ്റ്റോറേജ് (64 ജിബി വരെ ഉയര്‍ത്താം), 2,300mAh ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ബാങ്കിങ്, ഇപിഡിഎസ് (Eletcronic Public Ditsribution System), MNREGA (Mahatma Gandhi National Rural employment Guarantee Act) പെയ്‌മെന്റ്‌സ്, ഇ?ഗവേണന്‍സ് സേവനങ്ങള്‍ (പാസ്‌പോര്‍ട്ട്, ടാക്‌സേഷന്‍, ഹെല്‍ത്ത്‌കെയര്‍, വിദ്യാഭ്യാസം) തുടങ്ങി മേഖലകളിലെല്ലാം തന്നെ വിശ്വാസ്യതയോടെ ഉപയോഗിക്കാവുന്ന ബയോമെട്രിക് സംവിധാനമാണ് ഇതെന്ന് താപ്പര്‍ പറഞ്ഞു.

Top