മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തില്ല: വിദേശകാര്യ സെക്രട്ടറി

ചെന്നൈ:മഹാബലിപുരത്തു നടന്ന അനൗപചാരിക ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.കശ്മീര്‍ വിഷയം ഉന്നയിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ഉച്ചകോടിക്ക് മോദിയെ ഷി ജിന്‍പിങ് ചൈനയിലേക്ക് ക്ഷണിച്ചുവെന്നും മോദി ക്ഷണം അംഗീകരിച്ചുവെന്നും ഗോഖലെ പറഞ്ഞു. സന്ദര്‍ശനത്തിന്റെ തിയതി പിന്നീട് തീരുമാനിക്കും.

മാനസസരോവര്‍ തീര്‍ഥാടകര്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. തമിഴ്നാടും ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയും തമ്മിലുള്ള ബന്ധത്തിന് നിരവധി നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടുവെച്ചുവെന്നും ഗോഖലെ കൂട്ടിച്ചേര്‍ത്തു.

വ്യാപാരകമ്മി പരിഹരിക്കാന്‍ ഉന്നതതല സംവിധാനം കൊണ്ടുവരാനും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. നിര്‍മല സീതാരാമനാണ് ഉന്നതതല സംഘത്തിലെ ഇന്ത്യന്‍ പ്രതിനിധി. കൂടാതെ പ്രതിരോധ രംഗത്ത് പരസ്പര വിശ്വാസം കൂട്ടാനായി നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈന സന്ദര്‍ശിക്കും.

Top