ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷ നല്‍കിയ വിവരാവകാശ കമ്മീഷണറെ ചുമതലയില്‍നിന്ന് മാറ്റി.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന എം.എസ് ആചാര്യുലുവിനെയാണ് നീക്കിയത്.
മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍. കെ മാത്തൂര്‍ ആണ് ഇത് സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും കൈകാര്യം ചെയ്യാന്‍ മറ്റൊരു വിവരാവകാശ കമ്മീഷണറായ മഞ്ജുള പരാശരെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദ പഠനം പൂര്‍ത്തിയാക്കിയതായി പറയുന്ന 1978ലെ മുഴുവന്‍ ബി.എ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ നല്‍കാന്‍ ഡിസംബര്‍ 21ന് ആണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയോട് വിവരാവകാശ കമ്മീഷണറായ ആചാര്യുലു ആവശ്യപ്പെട്ടത്. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലായിരുന്നു നടപടി.
കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച അപേക്ഷ ഡല്‍ഹി യൂണിവേഴ്‌സിറ്റി നിരസിച്ചിരുന്നു. വിദ്യാര്‍ഥികളുടെ വ്യക്തിപരമായ വിവരങ്ങളാണിതെന്നും അതില്‍ പൊതുതാത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍, നിലവിലുള്ളതും പഠനം പൂര്‍ത്തിയാക്കിയതുമായ എല്ലാ വിദ്യാര്‍ഥികളും പൊതുതാല്‍പര്യത്തിന്റെ പരിധിയില്‍ വരുമെന്ന് ആചാര്യുലു വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍നിന്ന് 1978ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതായി ബിജെപി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തരുണ്‍ ദാസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നീരജ് എന്നയാള്‍ 1978ല്‍ ബി.എ ബിരുദം നേടിയ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.