തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി യോഗത്തില്‍ താക്കീത് നല്‍കുകയും ചെയ്തു.
വാര്‍ത്താസമ്മേളനത്തിലൂടെയോ വാര്‍ത്താക്കുറിപ്പിലൂടെയോ വിവരങ്ങള്‍ അറിയിക്കും മുമ്പേ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓഗസ്റ്റ് 7 ലെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചു. യോഗത്തിന്റെ മിനിറ്റ്സില്‍ ചീഫ് സെക്രട്ടറി വി പി ജോയ് ഇത് വ്യക്തമാക്കിയിട്ടുണ്ട്.
യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ തീരുമാനമായി ചാനലുകളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് മിനിറ്റ്സില്‍ പറയുന്നു. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. മിനിറ്റ്സ് അവസാനിക്കുന്നത് ഈ താക്കീതോടെയാണ്. ഇതേ യോഗമാണ് ലോക്ക്ഡൗണ്‍ ഇളവില്‍ തീരുമാനമെടുത്തത്.