എൻ ആർ നാരായണ മൂർത്തി എന്നത് കേൾക്കാത്ത പേരല്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകനാണ് അദ്ദേഹം. സാങ്കേതികവിദ്യ, ബിസിനസ്സ്, കോർപ്പറേറ്റ് നയങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങി രാജ്യത്തെ വിവിധ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം വ്യക്തമായി തന്നെ എൻ ആർ നാരായണ മൂർത്തി രേഖപ്പെടുത്താറുണ്ട്. അടുത്തിടെ മൂൺലൈറ്റിംഗിനെ കുറിച്ചും എൻ ആർ നാരായണ മൂർത്തി പ്രതികരിച്ചിരുന്നു.
കരിയറിന്റെ പ്രാരംഭ ഘട്ടത്തിലുള്ള യുവാക്കൾക്ക് ഉപദേശം നൽകിയിരിക്കുകയാണ് ഇൻഫോസിസ് സ്ഥാപകൻ. വീട്ടിലിരുന്ന് ജോലി ചെയ്യരുത്, അതായത് ‘വർക്ക് ഫ്രം ഹോം’ ചെയ്യരുതെന്നാണ് അദ്ദേഹം യുവാക്കളോട് പറഞ്ഞിരിക്കുന്നത്. കൂടാതെ ഒരു കമ്പനിയിൽ ജീവനക്കാരനായിരിക്കെ മറ്റു കമ്പനികൾക്ക് വേണ്ടിയുള്ള ജോലികൾ ഏറ്റെടുക്കരുതെന്നും അദ്ദേഹം പറയുന്നു.
“ആഴ്ചയിൽ മൂന്ന് ദിവസം” ഓഫീസിൽ വരുക, മറ്റ് ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുക തുടങ്ങിയ വ്യവസ്ഥകൾ പല കമ്പനികളും മുന്നോട്ട് വെക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക എന്ന് എൻ ആർ നാരായണ മൂർത്തി യുവാക്കളോട് പറയുന്നു. അദ്ദേഹം അതിനെ ഒരു ‘കെണി’ എന്നാണ് വിശേഷിപ്പിച്ചത്. ‘യുവാക്കളോടുള്ള എന്റെ അഭ്യര്ഥനയാണ് ഇത്. ദയവായി ഈ കെണിയിൽ വീഴരുത്’ എന്ന് അദ്ദേഹം പറഞ്ഞു.
യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യാപിതാവ് കൂടിയാണ് എൻ ആർ നാരായണ മൂർത്തി. വിരമിക്കുന്നതിന് മുമ്പ് ചെയർമാൻ, സിഇഒ, പ്രസിഡന്റ്, ചീഫ് മെന്റർ എന്നീ നിലകളിൽ അദ്ദേഹം കമ്പനിയെ വലിയ ഉയരങ്ങളിലേക്ക് നയിച്ചു. ഇപ്പോഴും ഇൻഫോസിസിൽ ഒരു ചെറിയ ഓഹരി അദ്ദേഹം കൈവശം വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി ഏകദേശം 4.6 ബില്യൺ ഡോളറാണ് അതായത് 38,000 കോടിയിലധികം രൂപ.