പത്ത് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചതായി ഇന്‍ഫോസിസ്

ബെംഗളൂരു: ബഹുരാഷ്ട്ര ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് മാസത്തില്‍ പത്ത് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇന്‍ഫോസിസ് അടക്കമുള്ള കമ്പനികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്. ഉയര്‍ന്ന കാര്യക്ഷമതയും മികച്ച സഹകരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പല കമ്പനികളും ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെവിളിക്കുകയാണിപ്പോള്‍.

എന്നാല്‍ വാര്‍ത്തയോട് ഇന്‍ഫോസിസ് പ്രതികരിച്ചട്ടില്ല. നവംബര്‍ 20 മുതല്‍ വരുന്ന മാറ്റങ്ങള്‍ ചില ജീവനക്കാരെ ഇ-മെയിലിലൂടെ കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാരെ പടിപടിയായി ഓഫീസുകളിലേക്ക് തിരികെ എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇന്‍ഫോസിസ് സി.ഇ.ഒ. സലില്‍ പരേഖ ഒക്ടോബര്‍ 12ന് ഒരുപരിപാടിയില്‍ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ വികസനത്തിനായി ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിചെയ്യണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ പരാമര്‍ശം വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു.

ഇന്‍ഫോസിസിന്റെ മുഖ്യഎതിരാളിയായ ടാറ്റ കണ്‍സള്‍റ്റന്‍സി ജീവനക്കാരോട് ആഴ്ചയില്‍ നാലുദിവസം ഓഫീസിലെത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആമസോണ്‍, ഗൂഗിള്‍, ആല്‍ഫബെറ്റ് എന്നീ കമ്പനികളും ആഴ്ചയില്‍ ചില ദിവസങ്ങളില്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

Top