ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനികളിലൊന്നായ ഇന്‍ഫോസിസ് ബംഗാളില്‍ ഐ.ടി – ഐ.ടി അനുബന്ധ പ്രത്യേക സാമ്പത്തിക മേഖല (സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍-സെസ്) സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി.
കേന്ദ്ര വാണിജ്യ മന്ത്രാലയ സെക്രട്ടറി അദ്ധ്യക്ഷയായുള്ള അപ്രൂവല്‍ ബോര്‍ഡ് ഈമാസം 12നു നടക്കുന്ന യോഗത്തില്‍ ഇന്‍ഫോസിസിന്റെ അപേക്ഷ പരിഗണിക്കും.
ഇരുപതേക്കറില്‍ പദ്ധതി സ്ഥാപിക്കാനാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്. സമാന പദ്ധതി തെലങ്കാനയില്‍ സ്ഥാപിക്കാനായി ദേവ് ഭൂമി റിയല്‍റ്റേഴ്‌സ്, ഫീനിക്‌സ് ലിവിംഗ് പെയ്‌സസ് കമ്പനികളും മദ്ധ്യപ്രദേശില്‍ സ്ഥാപിക്കാനായി ചിന്ത്വാര പ്ലസ് ഡെവലപ്പേഴ്‌സും അപ്രൂവല്‍ ബോര്‍ഡിന്റെ അനുമതി തേടിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള മൊത്തം ഐ.ടി ഉത്പന്ന കയറ്റുമതിയുടെ 16 ശതമാനവും ഐ.ടി ഐ.ടി അനുബന്ധ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നാണ്.
ഈ രംഗം കാഴ്ചവയ്ക്കുന്ന മികച്ച വളര്‍ച്ചയാണ് ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള കമ്പനികളെ സെസ് രൂപീകരണത്തിനു പ്രേരിപ്പിക്കുന്നത്.
ഐ.ടി സെസുകള്‍ പ്രോത്‌സാഹിപ്പിക്കാനായി നികുതി ഇളവുകള്‍ പരിഗണിക്കണമെന്ന് ധനമന്ത്രാലയത്തോടെ വാണിജ്യ മന്ത്രാലയം അപേക്ഷിച്ചിട്ടുണ്ട്.
19 അംഗ അപ്രൂവര്‍ ബോര്‍ഡാണ് സെസ് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം സെസുകളുള്ളത് തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്.
രാജ്യത്തെ 204 സെസുകളില്‍ നിന്നായി 4.63 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് 2014-15ല്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അത് 4.67 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നു.