സൗജന്യ ‘എഐ’ പരിശീലന പരിപാടിയ്ക്ക് തുടക്കമിട്ട് ഇൻഫോസിസ്

ബെംഗലൂരു: കരിയർ കെട്ടിപ്പടുക്കുന്നതിനും ജോലി നേടുന്നതിനുള്ള നൈപുണ്യ സൈറ്റുകൾ വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിനുമായി സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സർട്ടിഫിക്കേഷൻ പരിശീലന പരിപാടിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇൻഫോസിസ്. ഇൻഫോസിസ് സ്പ്രിംഗ്ബോർഡ് വെർച്വൽ ലേണിംഗ് പ്ലാറ്റ്ഫോമിൽ കോഴ്സ് ലഭ്യമാണ്. കൂടാതെ എഐയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി സർട്ടിഫിക്കേഷൻ കോഴ്സുകളും ഇതൊടൊപ്പം ലഭ്യമാണ്.

എഐ, ജനറേറ്റീവ് എഐ എന്നിവയെക്കുറിച്ചുള്ള ആമുഖവും ഇക്കൂട്ടത്തിൽ കൊടുത്തിട്ടുണ്ട്. എഐയെക്കുറിച്ചുള്ള ഒരു മാസ്റ്റർ ക്ലാസിനെ കുറിച്ചും ജനറേറ്റീവ് എഐയുടെ സ്വാധീനത്തെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്. ഇൻഫോസിസ് ഡാറ്റാ സയൻസിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ‘സിറ്റിസൺസ് ഡാറ്റ സയൻസ്’ എന്ന വിഷയത്തിൽ ഒരു കസ്റ്റമൈസ്ഡ് കോഴ്‌സുമുണ്ടാകും. പൈത്തൺ പ്രോഗ്രാമിംഗ്, ലീനിയർ ആൾജിബ്ര, പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, എക്സ്പ്ലോറേറ്ററി ഡാറ്റാ അനാലിസിസ് തുടങ്ങിയ വിഷയങ്ങളും കോഴ്‌സ് ഉൾക്കൊള്ളുന്നുണ്ട്.

ഏത് ഉപകരണത്തിൽ നിന്നും ഓൺലൈൻ കോഴ്സുകൾ ആക്സസ് ചെയ്യാനാകും. 2025-ഓടെ 10 ദശലക്ഷത്തിലധികം ആളുകളെ ഡിജിറ്റൽ വൈദഗ്ധ്യത്തോടെ ശാക്തീകരിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. കോഴ്സേറ, ഹാർവാർഡ് ബിസിനസ് പബ്ലിഷിങ് തുടങ്ങി ലോകത്തെ മുൻനിര ഡിജിറ്റൽ അദ്ധ്യാപകരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സമഗ്രമായ കോഴ്‌സുകളാണ് ഇതിലുള്ളതെന്ന് ഇൻഫോസിസ് പറയുന്നു. ഏകദേശം 400,000 പഠിതാക്കളും 300-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻ‌ജി‌ഒകളും സപ്പോർട്ട് ഗ്രൂപ്പുകളും ഇതിനകം ഇൻഫോസിസ് സ്പ്രിംഗ്‌ബോർഡിന്റെ ഭാഗമായിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആളുകളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി എഐ മാറിയിരിക്കുകയാണ്. ചില വ്യക്തികൾ എഐയെ ജോലിക്ക് ഭീഷണിയായി കാണുമ്പോൾ, പല പ്രൊഫഷണലുകളും അതിനെ സാധ്യതയായി ആണ് കണക്കാക്കുന്നത്. എഐ മനുഷ്യരെ മാറ്റിസ്ഥാപിക്കില്ലെന്നും പകരം ആളുകൾ എഐയുമായി ചേർന്നു പോകാൻ പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top