അഞ്ച് ലക്ഷം കോടി കടന്ന് ഇന്‍ഫോസിസിന്റെ ഓഹരി വിപണി മൂല്യം

മുംബൈ: ഇന്‍ഫോസിസിന്റെ ഓഹരികളുടെ വിപണി മൂല്യം അഞ്ച് ലക്ഷം കോടി രൂപ കടന്നു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്നാണ് ഇന്‍ഫോസിസിന്റെ ഓഹരി വില കുതിച്ചത്. ഇന്‍ഫോസിസിന് സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 20.5 ശതമാനമാണ് അറ്റാദായ വളര്‍ച്ച രേഖപ്പെടുത്തിയത്.

ടിഎസിഎസ് കഴിഞ്ഞാല്‍ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഐടി കമ്ബനിയായി ഇതോടെ ഇന്‍ഫോസിസ്. ഇതോടെ ഓഹരി വില 4.31ശതമാനം ഉയര്‍ന്ന് 1,185 രൂപ നിലവാരത്തിലെത്തി. ഈവര്‍ഷം തുടക്കം മുതലുള്ള കണക്കെടുത്താല്‍ ഓഹരിവിലയില്‍ 53.88ശതമാനമാണ് നേട്ടം. ഒരുമാസത്തിനിടെ ഓഹരി വില 14.68ശതമാനം ഉയരുകയും ചെയ്തു.

സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 4845 കോടി രൂപയായാണു കമ്ബനിയുടെ അറ്റാദായമുയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4019 കോടിയായിരുന്നു ഇന്‍ഫോസിസിന്റെ അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തനലാഭം 8.5 ശതമാനം ഉയര്‍ന്ന് 24,570 കോടി രൂപയാകുകയും ചെയ്തു.

Top