ഡാനിഷ് ബാങ്കുമായി പുതിയ കരാറിലേര്‍പ്പെട്ട് ഇന്‍ഫോസിസ്

മുംബൈ: ഡാനിഷ് ബാങ്കുമായി 454 ദശലക്ഷം ഡോളറിന്റെ കരാറിലേര്‍പ്പെട്ട് ഇന്‍ഫോസിസ്. കരാര്‍ പ്രകാരം ഇന്ത്യയിലെ ബാങ്കിന്റെ കീഴിലുള്ള ഐടി സെന്റര്‍ ഇന്‍ഫോസിസ് ഏറ്റെടുക്കും. 1400 പരിചയസമ്പന്നരായ ജീവനക്കാരാണ് നിലവില്‍ കമ്പനിയിലുള്ളത്. ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ കരാറെന്നും ഡാന്‍സ്‌കെ ബാങ്ക് അറിയിച്ചു.

അഞ്ചു വര്‍ഷത്തേക്കാണ് ഇരു കമ്പനികളും ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ധാരണയിലെത്തിയത്. ഈ കാലയളവ് ആവശ്യമെങ്കില്‍ ഒരു വര്‍ഷം വീതം മൂന്നു തവണ നീട്ടാമെന്നും കരാറില്‍ പറയുന്നു. ഡാന്‍സ്‌കെ ബാങ്കിന്റെ 100 ശതമാനം ഓഹരിയും നിലവില്‍ ഇന്‍ഫോസിസിന്റെ കയ്യിലാണ്. ഏകദേശം 16 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് ഇടപാട് നടത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമെന്നും ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു.

Top