സകല രാഷ്ട്രീയ നേതൃത്വങ്ങളുടെയും കണ്ണു തുറപ്പിച്ചത് ഈ വാക് ചാതുര്യം !

രുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍, യുവ നേതാക്കള്‍ക്ക് ലഭിക്കാന്‍ പോകുന്നത്, വന്‍ അവസരങ്ങള്‍. ഇടതുപക്ഷവും യു.ഡി.എഫും മാത്രമല്ല ബി.ജെ.പിപോലും, യുവ പ്രാതിനിത്യം ശക്തിപ്പെടുത്തുമെന്ന നിലപാടിലാണ്.ഈ മൂന്ന് വിഭാഗത്തിലെയും ഉന്നത നേതാക്കളുമായി സംസാരിച്ച ഞങ്ങള്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.രാഷ്ട്രീയ കക്ഷി ഭേദമന്യേ പാര്‍ട്ടികളെല്ലാം ആഗ്രഹിക്കുന്നത്, സ്വരാജിനെ പോലെയുള്ള എം.എല്‍.എമാരെയാണ്.

എതിരാളികളുടെ ആക്രമണത്തെ, കൃത്യമായി പ്രതിരോധിക്കുന്ന ഇത്തരം എം.എല്‍.എമാര്‍, സഭയില്‍ വേണമെന്നതാണ് പൊതു നിലപാട്. തൃപ്പൂണിത്തുറ എം.എല്‍.എ ആയ സ്വരാജിന്, വരുന്ന തിരഞ്ഞെടുപ്പിലും സി.പി.എം സീറ്റ് നല്‍കും. യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, സ്വരാജി ലൂടെ സി.പി.എം പിടിച്ചെടുത്തിരുന്നത്.വീണ്ടും മത്സരിക്കാന്‍ ഉറപ്പായും സാധ്യതയുള്ള സി.പി.എം യുവ എം.എല്‍.മാരില്‍, സ്വരാജ് കഴിഞ്ഞാല്‍ പിന്നെ സാധ്യത, എ.എന്‍. ഷംസീറിനാണുള്ളത്. രണ്ട് ടേം കഴിഞ്ഞതിനാല്‍, ജയിംസ് മാത്യു, ടി.വി രാജേഷ്, ആര്‍.രാജേഷ് എന്നിവരുടെ കാര്യത്തില്‍ സി.പി.എം നേതൃത്വം എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.

കോതമംഗലത്ത്, ആന്റണി ഡൊമനിക്ക് കന്നി എം.എല്‍.എയാണെങ്കിലും, പകരക്കാരനെ സി.പി.എം പരീക്ഷിക്കാനുള്ള സാധ്യതയും ഇവിടെ നിലനില്‍ക്കുന്നുണ്ട്.പുതുതായി യുവനിരയില്‍ നിന്നും മത്സരിക്കാന്‍ സാധ്യത ഏറെയുള്ളത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ്.സംസ്ഥാന പ്രസിഡന്റ് എ.എ റഹീമും മത്സരിച്ചേക്കും. ഇരുവര്‍ക്കും പുറമെ ഡി.വൈ.എഫ്.ഐ രംഗത്ത് നിന്നും മത്സരിക്കാന്‍ സാധ്യത എസ്.കെ സജീഷും എം വിജിനുമാണ്.എസ്.എഫ്.ഐ രംഗത്ത് നിന്നും സംസ്ഥാന പ്രസിഡന്റ് എ.വിനീഷ് , സെക്രട്ടറി സച്ചിന്‍ ദേവ് എന്നിവരെയും സി.പി.എം പരിഗണിക്കാന്‍ സാധ്യതയുണ്ട്.

മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് പി.ബിജുവും സി.പി.എം പരിഗണനാ ലിസ്റ്റില്‍ ഇത്തവണ ഉള്‍പെട്ടേക്കും. യുവ വനിതാ നേതാക്കളില്‍ ചിന്ത ജെറോം, പി.പി ദിവ്യ എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. ഇത്തരത്തില്‍, വലിയ രൂപത്തിലുള്ള ഒരു പരിഗണന യുവത്വത്തിന് സി.പി.എം നല്‍കുമെന്നാണ് സൂചന. നിയമസഭ നടപടികള്‍ ജനങ്ങളെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്ന വിലയിരുത്തലിലാണ് സി.പി.എം. അതുകൊണ്ട് തന്നെ കഴിവുള്ള യുവ നേതൃത്വം സഭയില്‍ വരട്ടെ എന്നതാണ് നിലപാട്.

കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്ന നിയമസഭയില്‍, ഏറ്റവും അധികം ശോഭിച്ചതും സി.പി.എം എം.എല്‍.എയായ സ്വരാജാണ്. സി.പി.ഐയില്‍ കെ.രാജന്‍, മുഹമ്മദ് മുഹസിന്‍, എല്‍ദോ എബ്രഹാം എന്നീ യുവ എം.എല്‍.എമാര്‍ വീണ്ടും ഉറപ്പായും, മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കാലാവധി പ്രശ്‌നമല്ലാത്തതിനാല്‍, കോണ്‍ഗ്രസ്സില്‍ നിന്നും ഷാഫി പറമ്പില്‍, കെ.എസ്. ശബരീനാഥ്, അന്‍വര്‍ സാദത്ത്, വി.ടി ബല്‍റാം, അനില്‍ അക്കരെ, എല്‍ദോസ് കുന്നപ്പിളളി തുടങ്ങിയ യുവ തുര്‍ക്കികള്‍ വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ കാലിടറിയ പി.സി വിഷ്ണുനാഥും ഇത്തവണ മത്സരിക്കും.

മാത്യു കുഴല്‍ നാടന്‍ അഭിജിത്ത്, റിജില്‍ മാക്കുറ്റി തുടങ്ങിയ നീണ്ട യുവനിരയും സീറ്റു കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മത്സരിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് പുറമെ,നിരവധി യൂത്ത് കോണ്‍ഗ്രസ്സ് – കെ.എസ്.യു നേതാക്കളും സ്ഥാനാര്‍ത്ഥി മോഹവുമായി രംഗത്തുണ്ട്.യുവ നേതാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാമുള്ളത്.മുസ്ലീം ലീഗില്‍, യുവനേതാക്കളായ കെ.എം. ഷാജിയും എ.എന്‍ ഷംസുദ്ദീനും വീണ്ടും മത്സരിക്കും.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ പി.കെ ഫിറോസും ഇത്തവണ കളത്തിലുണ്ടാവും സ്ഥാനാര്‍ത്ഥിത്വം മോഹിക്കുന്നവരില്‍ എം.എസ്.എഫ് സംസ്ഥാന നേത്യത്വവും ഉണ്ട്. യുവ പ്രാതിനിത്യത്തില്‍ ലീഗ് നേതൃത്വം എത്രമാത്രം വിട്ടു വീഴ്ച ചെയ്യുമെന്നതും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാന ഘടകമാണ്.ബി.ജെ.പിയും, യുവാക്കള്‍ക്ക് പ്രാധാന്യം കൊടുക്കുവാനാണ് നിലവില്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍, ആര്‍.എസ്.എസ് സമ്മര്‍ദ്ദം ശരിക്കുമുണ്ട്.

യുവമോര്‍ച്ച, എ.ബി.വി.പി സംസ്ഥാന ഭാരവാഹികള്‍ മത്സരിക്കുമെന്നാണ് പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, വി.വി രാജേഷ് എന്നിവരും മത്സര രംഗത്തുണ്ടാവും. 2021,സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് നിലനില്‍പ്പിന്റെ വര്‍ഷം കൂടിയാണ്.

കോവിഡ് പശ്ചാത്തലത്തില്‍, പരമ്പരാഗതമായ പ്രചരണ രീതികള്‍ക്ക് പരിമിതികള്‍ ഏറെയാണ്. പ്രതീക്ഷയെല്ലാം സോഷ്യല്‍ മീഡിയകളില്‍ മാത്രമാണ്. സൈബര്‍ യുദ്ധമാണ് വരാന്‍ പോകുന്നത്.അതു തന്നെയാണ് യുവ നേതാക്കള്‍ക്കും കൂടുതല്‍ അനുകൂലമാകുന്നത്. ഇനി തിരഞ്ഞെടുപ്പ് പ്രചരണങ്ങളാകെ നിയന്ത്രിക്കാന്‍ പോകുന്നത്, വിദ്യാര്‍ത്ഥി – യുവജന സംഘടനകളാണ്. ഇതിനായി താഴെ തട്ടുവരെ വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് കൂട്ടായ്മകള്‍ ഇതിനകം തന്നെ വ്യാപകമായി രൂപീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍, യു.ഡി.എഫ് മുന്നണി സംവിധാനം തന്നെയാണ് തകരുക. ബി.ജെ.പിക്കാണ് അത് ഏറെ ഗുണം ചെയ്യുക.ഭരണ പ്രതീക്ഷ ഇല്ലങ്കില്‍, കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ കൂട്ടത്തോടെ കൂട് മാറിയേക്കും. മുസ്ലീംലീഗും ‘കളം’ മാറ്റി ചവിട്ടാന്‍ നിര്‍ബന്ധിതമാകും.ഇതെല്ലാം മുന്‍ കൂട്ടി കണ്ടാണ്, കോണ്‍ഗ്രസ്സ് നേതൃത്വവും ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്.

എന്ത് വില കൊടുത്തും ഭരണം പിടിക്കുക എന്നത് തന്നെയാണ് അവരുടെ തന്ത്രം.ബി.ജെ.പി പ്രതിപക്ഷത്തിന്റെ ‘കളം’ പിടിക്കാതിരിക്കാനാണ് ചെന്നിത്തലയും ഓടി നടക്കുന്നത്. സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തം ഉണ്ടായപ്പോള്‍, കുതിച്ചെത്തിയതും അതു കൊണ്ട് തന്നെയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, ചെന്നിത്തലയ്ക്ക് വരുന്ന വീഴ്ചകളെല്ലാം മുതലെടുക്കുന്നത് ബി.ജെ.പിയാണ്. കാവി പടക്ക് മുതലെടുക്കാന്‍, ചെന്നിത്തലയായിട്ട് അവസരം കൊടുക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. യു.ഡി.എഫിലും ഇത്തരം വാദങ്ങള്‍ ശക്തമാണ്. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന, കാല്‍ഡസനിലധികം നേതാക്കളാണ് കോണ്‍ഗ്രസ്സിലുളളത്. ഇതില്‍ എ.കെ ആന്റണി മുതല്‍ ചെന്നിത്തല വരെയുണ്ട്.

ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ , കെ.സി വേണുഗോപാല്‍ എന്നിവരും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവരാണ്. പി.ജെ.കുര്യനും ശശി തരൂരും,ഇപ്പോള്‍ ഈ ആഗ്രഹവും വച്ച് പുലര്‍ത്തുന്നുണ്ട്. അധികാരത്തോടുള്ള നേതാക്കളുടെ ആര്‍ത്തി, പാരവയ്പ്പില്‍ കലാശിച്ചാല്‍, സിറ്റിംഗ് സീറ്റുകള്‍ പോലും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടേക്കും. എ -ഐ ഗ്രൂപ്പുകള്‍, തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടുകള്‍, അതു കൊണ്ട് തന്നെ യു.ഡി.എഫിന് ഏറെ നിര്‍ണ്ണായകമാണ്. ഇടതുപക്ഷമാകട്ടെ തുടര്‍ ഭരണം ഉറപ്പിച്ചാണിപ്പോള്‍ മുന്നോട്ട് പോകുന്നത്. വ്യക്തിയല്ല, സംഘടനയാണ് പ്രധാനമെന്നതാണ് ചെമ്പടയുടെ നിലപാട്

Top