തിരുവനന്തപുരം: മാധ്യമ രംഗത്തുണ്ടായ അപചയം തിരുത്താൻ മാധ്യമ പ്രവർത്തകർ തന്നെ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യധാരാ മാധ്യമങ്ങൾക്കടക്കം മനുഷത്വപരമല്ലാത്ത നിഷ്പക്ഷതയുണ്ടാവുന്നു. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത് അതിന്റെ ക്രെഡിറ്റെടുക്കാനാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്. ഇത്രയധികം വിമർശനങ്ങൾ മാധ്യമങ്ങൾ ഏൽക്കേണ്ടി വന്ന ഘട്ടം ഉണ്ടായിട്ടില്ലെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാനസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
”നിയമ വിരുദ്ധമായ കാര്യങ്ങൾക്ക് ഒരു സംഘം ഇറങ്ങി തിരിച്ചാൽ മാധ്യമങ്ങൾ നിയമപാലകർക്ക് വിവരം നൽകണം. ഇത് ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മാത്രം പ്രശ്‌നമല്ല. തെറ്റ് പറ്റിയാൽ മാപ്പ് പറയാനുള്ള മാന്യത എത്രത്തോളം കാണിക്കുന്നുണ്ട്? നേരത്തെ വാർത്തയിൽ തെറ്റ് പറ്റിയാൽ ഖേദം പ്രകടിപ്പിക്കുമായിരുന്നു. ആ സ്വഭാവം കേരളത്തിലെ മാധ്യമങ്ങൾക്ക് കൈമോശം വന്നു. മുഖ്യധാര മാധ്യമങ്ങൾക്കടക്കം മനുഷത്വപരമല്ലാത്ത ‘നിഷ്പക്ഷത’ ഉണ്ടാവുന്നു. ഇത് എപ്പോഴും ജനങ്ങൾ സഹിക്കില്ല”- അദ്ദേഹം വ്യക്തമാക്കി.
വസ്തുതയുമായി ബന്ധമില്ലാത്ത സാങ്കൽപ്പിക വാർത്തകൾ വരുന്നെങ്കിൽ ഇങ്ങനെ തുടരാമോ എന്ന സ്വയം വിലയിരുത്തണം. പൊതു സമൂഹത്തിൽ മാധ്യമ മേഖലയിലെ നയ സമീപനങ്ങൾ തുറന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളുടെ മൂലധന താൽപര്യവും രാഷ്ട്രീയ താൽപര്യവും സ്വഭാവത്തെ നിർണയിക്കുന്നുണ്ടെന്നും അത് കൂടുതൽ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളും ക്ഷേമ പദ്ധതികളും പൂർണമാകണമെങ്കിൽ ജനങ്ങൾ അറിയണം. ആ ഉത്തരവാദിത്വം മാധ്യമങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്നുണ്ടോ? മാധ്യമങ്ങളെ വിലക്കിയും മാധ്യമ പ്രവർത്തകരെ കൊന്നും സ്വതന്ത്ര റിപ്പബ്ലിക്കായി നമുക്ക് നിലനിൽക്കാനാവില്ല. എന്നാൽ അതിൽ നിങ്ങൾ എന്ത് പങ്ക് വഹിക്കുന്നുവെന്ന് മാധ്യമ പ്രവർത്തകർ ആലോചിക്കണം. നശീകരണ വാസനയോടെ ഉയർത്തുന്ന വിമർശനങ്ങളെ സർക്കാർ വകവെക്കില്ല. അത് നമ്മുടെ നാട്ടിൽ ഉണ്ടോയെന്ന് മാധ്യമങ്ങൾ സ്വയം പരിശോധിക്കണമെന്നും സമ്മർദങ്ങൾക്ക് മുന്നിൽ സ്വയം ഒടുങ്ങി പോകുന്നവരാകരുത് മാധ്യമ പ്രവർത്തകർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.