കൈയിലുള്ള സാധനങ്ങള്‍ കൊണ്ട്‌ സ്‌ട്രെച്ചര്‍; പരിക്കേറ്റ കുട്ടിയുമായി കുടുംബം സഞ്ചരിച്ചത് 800 കി.മി

ന്യൂഡല്‍ഹി: കൈയിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് സ്‌ട്രെച്ചറിന്റെ രൂപമുണ്ടാക്കി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കിടത്തി ലുധിയാനയില്‍ നിന്നുള്ള കുടുംബം പിന്നിട്ടത് 800 കിലോ മീറ്റര്‍.

ലുധിയാനയിലെ ദിവസവേതന തൊഴിലാളികളാണ് മധ്യപ്രദേശിലെ സിന്‍ഗ്രൗലിലെത്താന്‍ ലുധിയാനയില്‍ നിന്ന് കാല്‍നടയായി പുറപ്പെട്ടത്. അവരുടെ കൈയില്‍ ആവശ്യത്തിന് ഭക്ഷണമോ, പണമോ, കാലില്‍ ചെരിപ്പുകളോ ഉണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം 15 ദിവസമായി കാല്‍നടയായി സഞ്ചരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളിലൊരാള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് പരിക്കേറ്റ കുഞ്ഞിനെയും ചുമന്നു നടന്ന കുടുംബത്തെ മാധ്യമപ്രവര്‍ത്തകര്‍ കണ്ടുമുട്ടിയത്. അപ്പോഴേക്കും അവര്‍ 800 കിലോമീറ്ററിലധികം കാല്‍നടയായി പിന്നിട്ട് കഴിഞ്ഞിരുന്നു.
മുളയും പ്ലാസ്റ്റിക്ചൂടികൊണ്ട മെടഞ്ഞ കട്ടിലും ചേര്‍ത്ത് ഉണ്ടാക്കിയ സ്‌ട്രെച്ചറില്‍ കുഞ്ഞിനെയും വഹിച്ചുകൊണ്ടായിരുന്നു ഇവരുടെ യാത്ര.

സ്‌ട്രെച്ചറില്‍ കിടത്തിയ കുട്ടിയുടെ കഴുത്ത് തകര്‍ന്നിരിക്കയാണ്. അവന് പരസഹായമില്ലാതെ ചലിക്കാനാവില്ല. യാത്രക്കിടെ ആരും വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. കുടുംബത്തിന്റെ ദുരിത യാത്ര അറിഞ്ഞ കാണ്‍പൂര്‍ പൊലീസ് ഇവരെ സ്വന്തം ഗ്രാമത്തിലെത്തിക്കാന്‍ വാഹനസൗകര്യം ഒരുക്കി നല്‍കി.
പട്ടിണിയില്‍ നിന്നും രക്ഷപ്പെടാനാണ് അവരീ ദുരിതവഴികള്‍ താണ്ടുന്നത്.

കോവിഡ് പിടിമുറക്കിയതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ രഹിതരായി പട്ടിണിയില്‍ നിന്ന് മോചനം തേടാനാണ് അവര്‍ കത്തുന്ന വെയിലില്‍ ഇത്ര ദൂരം നടക്കുന്നത്. ലക്ഷ്യം കാണുംമുമ്പേ പലരും വിശപ്പുകൊണ്ട് തളര്‍ന്നും അപകടത്തില്‍ പെട്ടും രോഗം വന്നും മരിക്കുന്നു.

Top