പരിക്ക്; യുവതാരം ഹാര്‍വി എലിയറ്റിനു ശസ്ത്രക്രിയ വേണമെന്ന് ലിവര്‍പൂള്‍

ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിനിടെയുണ്ടായ ടാക്കിളില്‍ പരുക്കേറ്റ യുവതാരം ഹാര്‍വി എലിയറ്റിനു ശസ്ത്രക്രിയ വേണമെന്ന് ലിവര്‍പൂള്‍. താരത്തെ വരും ദിവസങ്ങളില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും. 18കാരനായ താരത്തിന്റെ കണങ്കാലിനു സ്ഥാനചലനം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

ലീഡ്‌സ് യുണൈറ്റഡ് താരം പാസ്‌കല്‍ സ്ട്രുയ്കിന്റെ ടാക്കിളിലായിരുന്നു ഇംഗ്ലണ്ട് താരത്തിന് പരുക്കേറ്റത്. ടാക്കിളില്‍ വേദന കൊണ്ട് പുളഞ്ഞ് നിലത്തുവീണ താരത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മത്സരത്തിന്റെ 60ആം മിനിട്ടിലായിരുന്നു സംഭവം. പന്തുമായി കുതിക്കുകയായിരുന്ന ഹാര്‍വിയെ പാസ്‌കല്‍ സ്ലൈഡിംഗ് ടാക്കിളില്‍ വീഴ്ത്തുകയായിരുന്നു.

ഉടന്‍ ഇരു ടീമിലെയും താരങ്ങള്‍ ഓടിയെത്തി. അപ്പോള്‍ തന്നെ ഹാര്‍വിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഫൗളിനെ തുടര്‍ന്ന് പാസ്‌കലിന് ചുവപ്പുകാര്‍ഡ് ലഭിച്ചു. 18കാരനായ ഇംഗ്ലീഷ് താരം ലിവര്‍പൂളിന്റെ യുവതാരങ്ങളില്‍ പ്രധാനിയായിരുന്നു. സീസണിലെ പ്രീമിയര്‍ ലീഗ് പദ്ധതികളില്‍ ഹാര്‍വി സുപ്രധാന താരമാണെന്ന് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. മുഹമ്മദ് സലയും ഫബീഞ്ഞോയും സാദിയോ മാനെയുമാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍.

 

 

Top