ന്യൂഡല്‍ഹി: കഴിയുന്നതും പെട്ടെന്ന് തന്നെ വിമാനം പറത്തണമെന്നാണ് ആഗ്രഹമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍. മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടും അഭിനന്ദന്‍ ആഗ്രഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പാക് കസ്റ്റഡിയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തി ചികിത്സയില്‍ കഴിയുകയാണ് അഭിനന്ദന്‍. ഇതിനിടെ ചികിത്സയുടെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്നാണ് സൂചന.
പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ധമാനെ വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിലാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയത്. പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. അഭിനന്ദന് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്ന് എം.ആര്‍.ഐ സ്‌കാനില്‍ വ്യക്തമായി. ഈ ക്ഷതം ഏറ്റത് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് പോകുന്ന വേളയിലായിരിക്കാമെന്നാണ് നിഗമനം. അതേസമയം പാകിസ്താനില്‍ പ്രദേശവാസികളുടെ മര്‍ദനത്തിനിരയായതിനെത്തുടര്‍ന്ന് വാരിയെല്ലിന് പരിക്കേറ്റതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
അഭിനന്ദനെ കൂടുതല്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കും. ഡി ബ്രീഫിങ് അടക്കമുള്ള നടപടികള്‍ അതിന് ശേഷമായിരിക്കും നടക്കുക.