മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തില്‍ വിമര്‍ശനവുമായി ഐഎന്‍എല്‍. സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പരിഹസിച്ചു. മൂന്നാം സീറ്റ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ചു പറഞ്ഞിട്ടും ഉഭയകക്ഷി ചര്‍ച്ച നടത്തിയത് അണികളുടെ കണ്ണില്‍ പൊടിയിടാനാണ്. അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കാത്തതില്‍ ലീഗ് അണികളില്‍ അമര്‍ഷം ശക്തമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
വിലപേശല്‍ ശേഷി നഷ്ടപ്പെട്ട ലീഗിന് മേലിലും കോണ്‍ഗ്രസിന്റെ അടിമകളായി കഴിയാനാണ് വിധി. ലീഗിന് അധിക സീറ്റ് നല്‍കിയാല്‍ സാമുദായിക ധ്രുവീകരണം ഉണ്ടാകുമെന്ന കോണ്‍ഗ്രസ് വാദം മുസ്ലിം വിരുദ്ധ സമീപനമാണ്. ആര്‍ജ്ജവമുണ്ടെങ്കില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയില്‍ നിന്ന് പുറത്തുപോരണമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും എഐസിസിയെ അറിയിക്കും. സാദിഖലി തങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ലീഗ് വ്യക്തമാക്കി.
ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്തിമ തീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.