നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ‘അമ്മ’യില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്റ്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അമ്മയില്‍ ചര്‍ച്ച ചെയ്യെണ്ടതില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ്. അമ്മ എല്ലാവരുടെയും സംഘടനയാണ്. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിന് മുമ്പെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ താരങ്ങളുടെ പ്രശ്നങ്ങള്‍ സംഘടന മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ട്. പോലീസിന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്ന കേസാണിത്. ഇതെ സംബന്ധിച്ച് ആവശ്യമില്ലാത്ത പ്രസ്താവനകള്‍ പറഞ്ഞ് വിവാദമാക്കേണ്ടതില്ല. ഈ കേസിന്റെ സുഗമമായ അന്വേഷണത്തിന് വഴിയൊരുക്കേണ്ട കടമ ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ ആരുടെയും പക്ഷം പിടിക്കാനില്ല. സംഭവം നടന്ന അന്നു തന്നെ ഞാന്‍ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും ബന്ധപ്പെട്ടിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. അമ്മയുടെ എല്ലാ സഹകരണവും നടിക്ക് ഉണ്ടാകും’- ഇന്നസെന്റ് പറഞ്ഞു.

സംഘടനയിലെ അംഗങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഒപ്പം നില്‍ക്കുമെന്നും എല്ലാ പിന്തുണയുണ്ടാകുമെന്നും ഇന്നസെന്റ് പ്രതികരിച്ചു. വനിതാ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്നസെന്റ് വ്യക്തമാക്കി.

വനിതാ സംഘടന രൂപീകരിക്കപ്പെട്ടത് നല്ല കാര്യമാണ്. സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കാനും അതിന് പരിഹാരം കണ്ടെത്താനും ഈ കൂട്ടായ്മ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. എന്നാല്‍ അമ്മയില്‍ പുരുഷ മേധാവിത്വമുണ്ടെന്ന ആരോപണം ശരിയല്ല. സ്ത്രീകള്‍ മുന്നോട്ട് വന്ന് അമ്മയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇന്നസെന്റ് പറഞ്ഞു.

അതേസമയം അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം ആരംഭിച്ചു. ദിലീപിനെ കാത്തിരിക്കാതെയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ സംഘടനാ അംഗങ്ങളായ മഞ്ചു വാര്യര്‍, രമ്യ നമ്പീശന്‍ എന്നിവര്‍ പങ്കെടുക്കുന്നില്ല.

Top