തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി താര സംഘടന അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. അമ്മയും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയം കൊണ്ട് അവരോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും ഇന്നസെന്റ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സംഭവം അറിഞ്ഞയുടനെ മുഖ്യമന്ത്രി ഡി.ജി.പി എന്നിവരെ നേരില്‍ ബന്ധപ്പെടുകയും നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു ദയയുമില്ലാതെ കര്‍ശനമായി നേരിടുക തന്നെ വേണമെന്നും പൊലീസ് അന്വേഷണം ശരിയായ വഴിയില്‍ നടക്കുന്നുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.