innocent against bjp

മൂവാറ്റുപുഴ: ബിജെപി സൗജന്യമായി ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് എംപിയും നടനുമായ ഇന്നസെന്റ്.

പാകിസ്ഥാന്‍ ഒരു നരകമാണെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ജിസിഡിഎ ചെയര്‍മാനായി ചുമതലയേറ്റ സിഎന്‍ മോഹനന് എല്‍ഡിഎഫ് പട്ടിമറ്റത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാനിലുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണെന്നും ബിജെപി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ ജനിച്ചതും പഠിച്ചതും പാകിസ്ഥാനിലാണെന്നതും മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയുന്നവരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നത് വിവരമില്ലായ്മയാണ്. എംടി വാസുദേവന്‍ നായരോടും കമലിനോടുമുള്ള അസഹിഷ്ണുത ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ലെന്നും ഇന്നസെന്റ് വിമര്‍ശിച്ചു.
എതിര്‍പ്പുള്ളവരുടെ വീടിനു മുന്നില്‍പ്പോയി പാടാനുള്ളതല്ല ദേശീയഗാനമെന്നും ബഹുമാനത്തോടെ പാടേണ്ടതാണെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

എംടിക്കും കമലിനുമെതിരായ ബിജെപി എടുത്ത നിലപാടുകളാണ് ഇന്നസെന്റിനെ പ്രകോപിതനാക്കിയത്.

Top