മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ നല്‍കി ഇന്നസെന്റ്

innocent

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ നല്‍കി ചാലക്കുടി മുന്‍ എംപിയും നടനുമായ ഇന്നസെന്റ്.

ഫേസ്ബുക്കിലൂടെയാണ് പെന്‍ഷന്‍ തുക സംഭാവന ചെയ്യുന്ന കാര്യം ഇന്നസെന്റ് അറിയിച്ചത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കളക്ടര്‍ക്ക് ഇന്നസെന്റ് കൈമാറി.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ ഞാന്‍ നല്‍കുകയാണ്. മുന്‍ എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണ് നല്‍കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് കൈമാറി. 25000 രൂപയാണ് എനിക്ക് ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍.

ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക പൂര്‍ണമായും ദുരിതബാധിതര്‍ക്കായി നീക്കി വെക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.

എംപി ആയിരിക്കേ, രണ്ട് സന്ദര്‍ഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നല്‍കിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി.

ഇതൊക്കെ വിളിച്ചു പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു.

സിഎംഡിആര്‍എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടാ. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തു.

Top