കൊല്ലം : ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണച്ചുമതല അഞ്ചല്‍ സിഐയ്ക്ക് നല്‍കിയത് വിവാദമാകുന്നു. സമാനസംഭവത്തില്‍ ആരോപണവിധേയനാണ് സിഐ മോഹന്‍ ദാസ്. മര്‍ദ്ദനം നടക്കുമ്പോള്‍ സി.ഐ മോഹന്‍ദാസ് സ്ഥലത്തുണ്ടായിരുന്നു. മര്‍ദ്ദിച്ചെന്ന് പരാതി പറഞ്ഞിട്ടും സി.ഐ നടപടിയൊന്നുമെടുത്തിരുന്നില്ല. എം.എല്‍.എയുടെ ദൃശ്യങ്ങളെടുത്ത ഫോണ്‍ സി.ഐ തട്ടിത്തെറിപ്പിക്കുകയും ചെയ്തു.
കേസ് തുടക്കത്തില്‍ അന്വേഷിച്ചത് അഞ്ചല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. എന്നാല്‍ സംഭവം അതീവ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ഡിവൈഎസ്പിക്ക് വിട്ടു. അവിടെ നിന്നാണ് അന്വേഷണച്ചുമതല ആരോപണവിധേയനായ സിഐയ്ക്ക് കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അനന്തകൃഷ്ണന്റെ അമ്മ ഷീന ചവറ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതി മുന്‍പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. എംഎല്‍എ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഷീന നല്‍കിയ പരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മർദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസിൽ പരാതി നൽകി. എന്നാൽ നാലു ദിവസം പിന്നിട്ടിട്ടും അതിൽ കേസെടുക്കാൻ അവർ തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഷീന പരാതി നൽകിയിട്ടുണ്ട്.