ഐഎന്‍എസ് വിക്രാന്ത് ‘ സീ ട്രയലിന്’ ഇറക്കി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ സീ ട്രയലിനു തുടക്കമായി. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പല്‍ രാവിലെ 11 മണിയോടെയാണ് അറബിക്കടലിലേയ്ക്ക് ഇറക്കിയത്. ആറു നോട്ടിക്കല്‍ മൈല്‍ ദൂരം കടലില്‍ പരീക്ഷണം നടത്താനാണ് തീരുമാനം. തുറമുഖത്തുനിന്നു കപ്പല്‍ കടലിലേയ്ക്കു കൊണ്ടുപോയി.

കഴിഞ്ഞ ജൂണില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കപ്പല്‍ പരിശോധിച്ചിരുന്നു. കപ്പലിന്റെ അവലോകനം തൃപ്തികരമായിരുന്നു എന്നാണ് മന്ത്രി പ്രതികരിച്ചത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ തിളക്കമാര്‍ന്ന നേട്ടമായാണ് കപ്പലിനെ വിലയിരുത്തുന്നത്.

കപ്പല്‍ രൂപകല്‍പന മുതല്‍ നിര്‍മാണത്തിന്റെ 75 ശതമാനവും ഇന്ത്യയാണ് നടത്തിയത്. രാജ്യത്തു നിര്‍മിച്ചിട്ടുള്ള ഏറ്റവും വലിയ കപ്പലെന്ന സവിശേഷതയും ഐഎന്‍എസ് വിക്രാന്തിനു സ്വന്തമാണ്. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് രൂപകല്‍പന ചെയ്ത്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിന് 28 മൈല്‍ വേഗവും 18 മൈല്‍ ക്രൂയിസിങ് വേഗവും 7,500 മൈല്‍ ദൂരം പോകാനുള്ള ശേഷിയും ഉണ്ട്. നവംബര്‍ 20ന് ബേസിന്‍ ട്രയല്‍സിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പല്‍ഷന്‍, പവര്‍ ജനറേഷന്‍ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു.

 

Top