ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി ഐഎന്‍എസ് വിക്രാന്ത് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായ രീതിയില്‍ വിന്യസിക്കാനാവുമെന്ന് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍. ബെംഗളുരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ 2023-ല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍എസ് വിക്രാന്ത് നിലവില്‍ കൃത്യമായ ഇടവേളകളില്‍ കടലില്‍ ഇറങ്ങുന്നുണ്ടെന്നും പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ തൃപ്തരാണെന്നും നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര് വ്യക്തമാക്കി.
അടുത്തിടെ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മിഗ് 29കെ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ചേതക്, സീ കിംഗ് ഹെലികോപ്ടര്‍ പോലുള്ളവ ഉപയോഗിച്ചാണ് വിക്രാന്തിന്‍റെ കടലിലുള്ള വൈമാനിക പരിശോധനകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വിമാനങ്ങളെ ഉപയോഗിച്ചുള്ള പരിശീലനങ്ങള്‍ തുടരുകയാണ്. വ്യത്യസ്ത സാഹചര്യങ്ങളിലാണ് പരിശീലനമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വിമാനങ്ങളെ ഉപയോഗിച്ചുള്ള പരിശീലനം രണ്ട് മാസം നടക്കുമെന്നും നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു.