കൊല്ലം: റെയില്‍വേ സ്റ്റേഷനിലെത്തുന്ന മത്സ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം എത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്.
വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ചെമ്മീനില്‍ അപകടകരമായ അളവില്‍ ഫോര്‍മാലിന്‍ കലര്‍ന്നിരുന്നതായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ലോഡുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിലവില്‍ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
അതേസമയം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ നിന്ന് പിടികൂടിയ 900 കിലോ മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടില്ലെന്നും പകരം മീന്‍ ഇട്ടുവെക്കുന്ന ഐസിലാണ് രാസവസ്തു കലര്‍ത്തിയിരിക്കുന്നതെന്നും പ്രാഥമിക നിഗമനം. സംഭവം സ്ഥിരീകരിക്കാന്‍ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഐസില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നത് കണ്ടെത്തുന്നതിനായി ബോട്ടില്‍ പരിശോധന നടത്തുമെന്നും ഇതിനായി ഫിഷറീസ് വകുപ്പന്റെ സഹായം തേടുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചിരുന്നു.