വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും സോഷ്യല്‍ മീഡിയ സേവനങ്ങള്‍ എല്ലാ കാലവും നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഈ പ്രശ്‌നം നേരിടാന്‍ അക്കൗണ്ട് ഉടമകള്‍ യഥാര്‍ത്ഥമാണോ എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ ഒരു സെല്‍ഫി വീഡിയോ എടുത്ത് ഇന്‍സ്റ്റാഗ്രാമിന് നല്‍കണം. സോഷ്യല്‍ മീഡിയാ കണ്‍സള്‍ട്ടന്റ് ആയ മാറ്റ് നവാരയാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഈ നീക്കം പുറത്തുവിട്ടത്.
വെരിഫിക്കേഷന്‍ പ്രക്രിയയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വെരിഫിക്കേഷന്‍ ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാം ഒരു പോപ്പ് അപ്പ് സന്ദേശം നല്‍കും. അതില്‍ നെക്സ്റ്റ് ക്ലിക്ക് ചെയ്താല്‍ സെല്‍ഫി ക്യാമറ ഓണ്‍ ആവും. മുഖം എല്ലാ വശങ്ങളിലേക്കും തിരിച്ച് വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെടും.
ഈ വീഡിയോ അപ് ലോഡ് ചെയ്താല്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗൊരിതം ആ ഉപഭോക്താവ് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തും. ഏറെ നാളുകളായി ഇന്‍സ്റ്റാഗ്രാം ഇങ്ങനെ ഒരു സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഓഗസ്റ്റില്‍ ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പിന്‍വലിക്കുകയായിരുന്നു.
ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും 30 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ പുതിയ ഉപഭോക്താക്കളോട് മാത്രമേ ഇന്‍സ്റ്റാഗ്രാം വെരിഫിക്കേഷന് വേണ്ടി ഫേസ് സ്‌കാന്‍ ആവശ്യപ്പെടുകയുള്ളൂ. നിലവിലുള്ള ഉപഭോക്താക്കളോട് ഫേസ് സ്‌കാന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും ഭാവിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
Instagram is now using video selfies to confirm users identity
Meta promises not to collect biometric data. pic.twitter.com/FNT2AdW8H2
— Matt Navarra (I quit X. Follow me on Threads) (@MattNavarra) November 15, 2021
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഒഴിവാക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ ഫേസ് സ്‌കാന്‍ ആവശ്യപ്പെടുന്നത്. 30 ദിവസത്തോളം ഇത് സെര്‍വറില്‍ സൂക്ഷിക്കുമെന്നും പറയുന്നു. ഈ സംവിധാനം ഏത് രീതിയില്‍ സ്വീകരിക്കപ്പെടുമെന്ന് വ്യക്തമല്ല.