ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ഇന്‍സ്റ്റാഗ്രാം കഴിഞ്ഞ വര്‍ഷം ജൂലായിലാണ് റീല്‍സ് എന്ന പേരില്‍ ഒരു ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ്, 30 സെക്കന്റ് ദൈര്‍ഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീല്‍സ് ഒരുക്കുന്നത്. ഹ്രസ്വ വീഡിയോ ആപ്പുകളിലെ പ്രധാനിയായിരുന്ന ടിക് ടോക്കിന്റെ നിരോധനം വഴി അപ്രതീക്ഷിതമായി ലഭിച്ച അവസരം മുതലെടുക്കാനാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചത്. ഒരു പരിധിവരെ റീല്‍സ് വിജയം നേടുകയും ചെയ്തു.
കഴിഞ്ഞ ദിവസം റീല്‍സിന്റെ ദൈര്‍ഖ്യം ഇന്‍സ്റ്റാഗ്രാം വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ 60 സെക്കന്റ് (1 മിനിറ്റ്) വരെ ദൈര്‍ഖ്യമുള്ള റീല്‍സ് ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് നിര്‍മ്മിക്കാം. ഇതുവഴി കൂടുതല്‍ രസകരമായതും ദൈര്‍ഖ്യമുള്ളതുമായ കണ്ടന്റ് സൃഷ്ടിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും എന്ന് ട്വിറ്ററിലൂടെ ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി.
റീല്‍സിന്റെ ദൈര്‍ഖ്യം 60 സെക്കന്‍ഡായി കൂട്ടിയതോടൊപ്പം കൗമാരക്കാര്‍ക്ക് കൂടുതല്‍ പരിരക്ഷ ലഭിക്കാന്‍ അവരുടെ അക്കൗണ്ടുകള്‍ ഇനി മുതല്‍ സ്വകാര്യ അക്കൗണ്ടുകളായി മാറ്റുമെന്നും ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകള്‍ വഴി കൗമാരക്കാരെ ചതിക്കുഴിയില്‍ വീഴ്ത്തുന്നതില്‍ നിന്നും ഈ ഫീച്ചര്‍ ഒരു പരിധിവരെ സഹായിക്കും എന്ന് ഇന്‍സ്റ്റാഗ്രാം വിശ്വസിക്കുന്നു. നിലവിലെ കൗമാരക്കാരുടെ അക്കൗണ്ടുകള്‍ സ്വകാര്യ അക്കൗണ്ടുകളാക്കാന്‍ അവര്‍ക്ക് പുഷ് നോട്ടിഫിക്കേഷന്‍ അയയ്ക്കുമെന്ന് ഇന്‍സ്റ്റാഗ്രാം അറിയിച്ചു.